ഒമർ സുൻഹർ
കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി വന്ന ഇന്നോവ കാർ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഓടിച്ചുകയറ്റിയത് മാനാഞ്ചിറയിലെ പൊലീസ് കമീഷണർ ഓഫിസ് മുറ്റത്തേക്ക്. ഈ വാഹനത്തിൽനിന്ന് 15.061 ഗ്രാം എം.ഡി.എം.എ പിടികൂടി.
ഇന്നോവ ക്രിസ്റ്റ വാഹനമാണ് പൊലീസിന്റെ താവളത്തിലേക്ക് മയക്കുമരുന്നുമായി എത്തിയത്. പ്രതി തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി ഒമർ സുൻഹറിനെ (35) ഡാൻസാഫ് സംഘത്തിന്റെയും അസി. പൊലീസ് കമീഷണർ ഉമേഷിന്റെയും സഹായത്തോടെ എക്സൈസ് സംഘം പിടികൂടി. ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ഈ വാഹനം നിരീക്ഷിച്ചു പിന്തുടരുകയായിരുന്നെന്ന് എക്സൈസ് സംഘം അറിയിച്ചു.
ബുധനാഴ്ച ഉച്ചക്ക് 2.10നാണ് പ്രതി വാഹനവുമായി പൊലീസ് മേധാവിയുടെ ഓഫിസ് വളപ്പിലേക്ക് ഓടിച്ചുകയറ്റിയത്.
അസി. എക്സൈസ് ഇൻസ്പെക്ടർ എം.കെ. മോഹൻദാസ്, പ്രിവന്റിവ് ഓഫിസർ പി. മനോജ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. നിഖിൽ, കെ. ദീപക്, കെ.എം. വിവേക്, ജി. ബൈജു, വനിത സിവിൽ എക്സൈസ് ഓഫിസർ എസ്. റാണി മോൾ, പൊലീസ് സബ് ഇൻസ്പെക്ടർ (ഗ്രേഡ്) മനോജ്, പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ഗ്രേഡ്) അബ്ദുറഹ്മാൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.