കോഴിക്കോട്: തളി ക്ഷേത്ര പൈതൃക പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികൾക്ക് സംസ്ഥാന സർക്കാർ 1.40 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തളിയുടെ പൈതൃകം മുൻനിർത്തിയുള്ള നവീകരണമാണ് ഉദ്ദേശിക്കുന്നത്. ക്ഷേത്ര കുളം നവീകരിക്കും. ഇതിന്റെ ഭാഗമായി കൽമണ്ഡപത്തോടുകൂടി ഫൗണ്ടൻ സ്ഥാപിക്കും.
തളി ക്ഷേത്രത്തിനൊപ്പം കോഴിക്കോട് നഗരത്തിലെ മറ്റു പ്രധാന ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പൈതൃക പദ്ധതികളും തീർഥാടക ടൂറിസം പദ്ധതികളും ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഉൾപ്പെടെയാണ് പദ്ധതികളുടെ ആലോചന. കൂടാതെ നഗരത്തെ കൂടുതൽ ആകർഷകവും വിനോദ സഞ്ചാര സൗഹൃദവും ആക്കുന്നതിനുള്ള പദ്ധതികളും തയാറാക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളെ ദീപാലംകൃതമാക്കും. പ്രധാന പാർക്കുകളും പാലങ്ങളും സൗന്ദര്യവത്കരിക്കും. ഇത് നഗരത്തെ പ്രധാന ടൂറിസം കേന്ദ്രമാകാൻ സഹായിക്കും. തളി ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം ഉൾക്കൊണ്ട് അത് പുതുതലമുറക്ക് പകർന്നു നൽകുന്ന തരത്തിലാണ് ടൂറിസം വകുപ്പ് ആദ്യ ഘട്ട നവീകരണ പൈതൃക പദ്ധതിക്ക് രൂപം നൽകിയത്.
ഇതിന്റെ ഭാഗമായി 1.25 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.