ഉണ്ണികുളം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും
ഉന്തും തള്ളുമുണ്ടായപ്പോൾ
എകരൂൽ: ഉണ്ണികുളം പഞ്ചായത്തിൽ സി.ഡി.എസ് ജില്ല ഓഫിസർ എൽ.ഡി.എഫിന് വേണ്ടി വാർഡ് 15ലെ എ.ഡി.എസ് തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി ആരോപിച്ച് സി.ഡി.എസ് തെരഞ്ഞെടുപ്പിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു.
ഫെബ്രുവരി ഏഴിന് നടന്ന വാർഡ് 15 ലെ കുടുംബശ്രീ എ.ഡി.എസ് തെരഞ്ഞെടുപ്പ്, ചട്ടവിരുദ്ധമായി ജില്ല റിട്ടേണിങ് ഓഫിസർ ഫെബ്രുവരി 19ന് റദ്ദാക്കിയതായി അറിയിക്കുകയും ആ വാർഡിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താതെ പിറ്റെ ദിവസം തന്നെ സി.ഡി.എസ് അംഗങ്ങളുടെയും ചെയർപെഴ്സന്റെയും തെരഞ്ഞെടുപ്പ് നടത്തണമെന്ന് അധികൃതർ വാശി പിടിക്കുകയും ചെയ്തതാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ കാരണമായതെന്ന് യു.ഡി.എഫ് ഉണ്ണികുളം പഞ്ചായത്ത് ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
സി.ഡി.എസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ മുതൽ ഗ്രാമ പഞ്ചായത്ത് ഓഫിസിലും പരിസരത്തും എൽ.ഡി.എഫ്, യു.ഡി.എഫ് മെംബർമാരും പ്രവർത്തകരും തമ്മിൽ ഇതേചൊല്ലി വാക്കേറ്റവും ഉന്തും തള്ളും കൈയേറ്റ ശ്രമവും നടന്നിരുന്നു.
ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. പിന്നീട് കുടുംബശ്രീ ജില്ല ഓഫിസർ സ്ഥലത്തെത്തി യു.ഡി.എഫിലെ എ.ഡി.എസ് അംഗങ്ങളുമായി ചർച്ച നടത്തി തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടത്തുമെന്നും പരാതിയുണ്ടെങ്കിൽ നിയമപരമായ നടപടികൾക്ക് കോടതിയെ സമീപിക്കാമെന്നും പറഞ്ഞതായി യു.ഡി.എഫ് അംഗങ്ങൾ അറിയിച്ചു.
ഉച്ചക്ക് ശേഷം കമ്യൂണിറ്റി ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ സി.ഡി.എസ് ചെയർപേഴ്സനായി എൻ.കെ. അഞ്ജലിയേയും വൈസ് ചെയർപേഴ്സനായി ഗിരിജ തെക്കേടത്തിനെയും തെരഞ്ഞെടുത്തു.
ആദ്യഘട്ടം കോറം തികയാതെ മാറ്റി വെച്ച തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലാണ് പൂർത്തീകരിച്ചത്. വൻ പൊലീസ് സംരക്ഷണത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്.
അതേ സമയം, വാർഡ് 15 ലെ തെരഞ്ഞെടുപ്പ് സംബന്ധമായ പരാതി നേരത്തെ റിട്ടേണിങ് ഓഫിസർ തള്ളിയതാണെന്നും ക്രമവിരുദ്ധമായാണ് ജില്ല കുടുംബശ്രീ മിഷൻ ഓഫിസർ പരാതി സ്വീകരിച്ച് തെരഞ്ഞെടുപ്പ് റദ്ദാക്കിയതെന്നും യു.ഡി.എഫ് ആരോപിച്ചു.
ചട്ടവിരുദ്ധമായി നടന്ന തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് ചെയർമാൻ കെ. ഉസ്മാൻ മാസ്റ്റർ, കൺവീനർ കെ.കെ. നാസർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.