ബാലുശ്ശേരി: പൂനത്ത് തുരുത്തുമലയിലെ 10 ആൾ ഉയരത്തിൽ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിൽ വീണ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. പൂനത്ത് പുത്തലത്തുകണ്ടി ഹിലാലിന്റെ മകൻ മുഹമ്മദ് മാസിമാണ് (12) വൻ അപകടത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടത്. കാലിനും മുഖത്തും പുറംഭാഗത്തും പരിക്കേറ്റ മുഹമ്മദ് മാസിമിനെ കൂട്ടാലിടയിലെ സ്വകാര്യാശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് ആറാം ക്ലാസ് വിദ്യാർഥികളായ നാലംഗ സംഘം പൂനത്ത് തുരുത്തുമലയിലെ കാരിപ്പാറ വെള്ളച്ചാട്ടം കാണാനായെത്തിയത്.
പാറക്ക് മുകളിലെത്തിയ ഇവരിൽ മുഹമ്മദ് മാസിം പാറയിലെ വഴുക്ക് കാരണം താഴോട്ടു വീഴുകയായിരുന്നു. 10 ആൾ ഉയരത്തിൽ കുത്തിയൊഴുകുന്ന വെള്ളത്തോടൊപ്പം വീണ മാസിം പകുതിവഴിക്ക് മറ്റൊരു പാറയിൽ തങ്ങിനിന്നു. പാറമുകളിൽനിന്ന് കുട്ടി വീഴുന്നത് താഴെ പറമ്പിലുണ്ടായിരുന്ന ഒരാൾ കണ്ടു. ഇദ്ദേഹം പറമ്പിൽ പണിയെടുക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ വിവരം അറിയിച്ചതിനെതുടർന്ന് തൊഴിലാളികൾ വെള്ളച്ചാട്ടത്തിനടുത്തേക്കു എത്തുകയായിരുന്നു.
എന്നാൽ, പാറയിലെ വഴുക്ക് കാരണം ശ്രമം നിഷ്ഫലമായി. പിന്നീട് ഇവർ കയറുമായെത്തി താഴേക്കിട്ടു കൊടുക്കുകയും മുഹമ്മദ് മാസിമിനെ സാഹസികമായി അതിൽപിടിച്ച് കരക്കെത്തിക്കുകയുമായിരുന്നു. വെള്ളച്ചാട്ടത്തിന്റെ താഴെ അപകടകരമായ കുഴികളുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളായ ഷാജു, വിനോദ്, അനൂപ്, സുധാകരൻ, റിനേഷ്, രാജു എന്നിവരുടെ അവസരോചിതവും സാഹസികവുമായ ഇടപെടലാണ് മുഹമ്മദ് മാസിമിന്റെ ജീവൻ രക്ഷിക്കാൻ സഹായകമായത്. തൊഴിലാളികളെ നാട്ടുകാർ അഭിനന്ദിച്ചു. വർഷങ്ങൾക്കുമുമ്പ് പൂനത്ത് പുത്തലത്തുകണ്ടി മൊയ്തീൻകുട്ടി എന്നയാൾ കാരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.