അന്ന് വിദ്യാർഥി, ഇന്ന് സ്ഥാനാർഥി; ഫാറൂഖ് കോളജിൽ താരമായി മുഹമ്മദ് റിയാസ്
ഫറോക്ക്: ചരിത്രമുറങ്ങുന്ന ഫാറൂഖ് കോളജിന്റെ രാജാ ഗെയിറ്റിൽ അന്ന് വിദ്യാർഥിയായെത്തിയ പി.എ.മുഹമ്മദ് റിയാസ് വ്യാഴാഴ്ച സ്ഥാനാർഥിയായി വോട്ട് അഭ്യർഥിക്കാനത്തിയപ്പോൾ അതൊരു പൂർവ വിദ്യാർഥി 'സംഗമം' ആയിമാറി. താൻ അഞ്ചു വർഷം പഠിച്ച, രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഫാറൂഖ് കോളജിൽ വോട്ട് ചോദിക്കാനെത്തിയ ബേപ്പൂർ എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസ് എത്തുന്നതിനു മണിക്കൂറുകൾക്കു മുമ്പേ പണ്ട് ഒരു ബെഞ്ചിലിരുന്ന് പഠിച്ചവരും അക്കാലത്ത് ഒരേ ബാച്ചിൽ ഉണ്ടായിരുന്നവരും സ്ഥാനാർഥി കൂടിയായ തങ്ങളുടെ പ്രിയപ്പെട്ട സഹപാഠിയെ സ്വീകരിക്കാൻ കോളജ് കവാടത്തിനു മുന്നിലെത്തിയിരുന്നു. കോളജ് ഓഫിസിലെത്തി ഓരോരുത്തർക്കും കൈകൊടുത്തും കുശലം പറഞ്ഞും ഓർമ്മ പുതുക്കി.
ഡിഗ്രി കൊമേഴ്സ് ക്ലാസിലെത്തിയ സ്ഥാനാർഥി വേഗം പോയി ഇരുന്നത് തന്റെ പഴയ ഇരിപ്പിടമായ പിൻബഞ്ചിൽ.ക്ലാസിൽനിന്ന് പുറത്തിറങ്ങിയപ്പോൾ കൂട്ടംകൂടിനിന്ന ചാനൽ പ്രവർത്തകർക്കു മുന്നിൽ സ്ഥാനാർഥി വാചാലനായി. അഞ്ചുവർഷം ഫറൂഖ് കോളജിൽ താൻ പഠിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടെ പഠിച്ചവരിൽ ചിലർ ഇവിടെ അധ്യാപകരായി ഇപ്പോഴുമുണ്ട്. എല്ലാത്തിനും അപ്പുറം തികഞ്ഞ സൗഹാർദ്ദം ആയിരുന്നു കോളജിന്റെ മുഖമുദ്രയെന്നും റിയാസ് വ്യക്തമാക്കി.എസ്.എഫ്.ഐ ഭാരവാഹിയായി സമരമുഖങ്ങളിൽ നിറഞ്ഞുനിന്ന റിയാസ് വിദ്യാർഥികളുടെ ഏത് ആവശ്യത്തിനും മുന്നിൽ ഉണ്ടാകുമായിരുന്നുവെന്ന് സഹപാഠികൾ ഓരോരുത്തരും ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.