വടകര: കടത്തനാട്ട് ലേബർ കോൺടാക്ട് കോഓപറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂന്നു പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകി. ഹരജിയിൽ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. കേസ് അന്വേഷിക്കുന്ന റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ. എസ്.പി. രാജേഷ് കുമാർ കോടതിയിൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും. കോൺഗ്രസ് നേതാവും മുൻ ഡി.സി.സി സെക്രട്ടറിയുമായിരുന്ന പഴങ്കാവിലെ ടി.വി. സുധീർ കുമാർ, സംഘം സെക്രട്ടറി വെള്ളികുളങ്ങര സ്വദേശിനി പ്രീണ, മുഖ്യ പ്രതി പേരാമ്പ്ര ചേന്നോളി സ്വദേശി എട്ടു തെങ്ങുള്ളതിൽ റിനീഷ് എന്നിവരെയാണ് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കേണ്ടത്. മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
സൊസൈറ്റിയിൽസഹകരണ സംഘം ഓഡിറ്റർ നടത്തിയ പരിശോധനയിൽ 2.16 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. മുഖ്യപ്രതി റിനീഷിനെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നിക്ഷേപകരിൽ നിന്നും 100 പവനോളം തട്ടിയെടുത്തെന്ന പരാതിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും ജ്വല്ലറിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം റിനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുണ്ടായിരുന്നു. റിനീഷിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിമാൻഡിൽ കഴിയുന്ന മൂന്നു( പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്താൽ സൊസൈറ്റിയിൽ നടന്ന ക്രമക്കേടുകളുടെ പൂർണ വിവരങ്ങൾ പുറത്ത് കൊണ്ട് വരാൻ കഴിയുമെന്ന വിലയിരുത്തലിലാണ് ക്രൈം ബ്രാഞ്ച്. കേസിൽ ഇനിയും പ്രതികൾ വലയിലാവാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.