നാദാപുരം: മലയോര ഹൈവേയുടെ അവസാന റീച്ചിലെ നിർമാണ പ്രവൃത്തി അനിശ്ചിതമായി നീളുന്നതോടെ മലയോരവാസികളുടെ യാത്ര ദുരിതക്കയത്തിൽ. മുടിക്കൽ പാലത്തിന് സമീപത്ത് നിന്നാരംഭിച്ച് കന്നുകുളം വഴി വിലങ്ങാട് ടൗൺ വരെയുള്ള റോഡ് പണിയാണ് മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്നത്. റോഡിൽ മണ്ണും ചെളിയും വെള്ളവും കെട്ടിക്കിടന്ന് റോഡാകെ ചളിക്കുളമായി മാറിയിരിക്കുകയാണ്. ഇന്ദിരാനഗർ മുതൽ തൊട്ടിൽപ്പാലം വരെയുള്ള റീച്ചിന്റെ നിർമാണം മാസങ്ങൾക്ക് മുമ്പേ പൂർത്തിയായതാണ്. എന്നാൽ, വിലങ്ങാട് ഭാഗത്തേക്കുള്ള നിർമാണത്തിന് ഒന്നര വർഷം മുമ്പ് വീതികൂട്ടി തുടങ്ങിയെങ്കിലും ഇതുവരെ ലക്ഷ്യത്തിലെത്തിയിട്ടില്ല. ഓവുചാൽ നിർമാണം, ഉറവയുള്ള പ്രദേശങ്ങളിലെ കോൺക്രീറ്റിങ്, ചെറുപാലങ്ങളുടെ പണി എന്നിവയാണ് പ്രധാനമായും നടക്കുന്നത്.
കൂടുതൽ തൊഴിലാളികളെ ഇറക്കി അതിവേഗം തീർക്കേണ്ട പണിയിൽ, വിരലിലെണ്ണാവുന്ന ആളുകളെ മാത്രം വെച്ചാണ് കരാർ കമ്പനി ജോലി നടത്തുന്നത്. ഇത് നിർമാണത്തിന്റെ വേഗത തീർത്തും ഇല്ലാതാക്കുന്നുവെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. മണ്ണിട്ട് നിരപ്പാക്കിയ ഭാഗങ്ങളിൽ മഴ പെയ്യുന്നതോടെ വെള്ളം കെട്ടിക്കിടന്ന് വലിയ തോതിൽ ചെളി രൂപപ്പെടുകയാണ്. ഇവിടെ ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നത് നിത്യസംഭവമായി. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ഇതുവഴി പോകാൻ സാധിക്കാത്ത അവസ്ഥയാണ്. അടിയന്തര ഘട്ടങ്ങളിൽ രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും വിലങ്ങാട് വഴി തിരിച്ചുവിടേണ്ട സ്ഥിതിയാണ്. കരാറുകാരുടെ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് കൂടുതൽ തൊഴിലാളികളെയും യന്ത്രങ്ങളെയും വിന്യസിച്ച് റോഡ് നിർമാണം പെട്ടെന്ന് പൂർത്തിയാക്കണം എന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.