കോഴിക്കോട്: മാസങ്ങളുടെ കാത്തിരിപ്പിനുശേഷം ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കൗൺസിൽ (ഡി.പി.സി) ചേർന്നതോടെ കോഴിക്കോട് ഉൾപ്പെടെയുള്ള പല ജില്ലകളിലെയും ആർ.ടി.ഒ, ജോ. ആർ.ടി.ഒ തസ്തികകളിൽ ഉടൻ നിയമനം നടക്കും. മതിയായ ഉദ്യോഗസ്ഥരില്ലാതെ മോട്ടോർ വാഹന വകുപ്പ് പ്രവർത്തനം താളംതെറ്റിയിട്ടും ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കൗൺസിൽ ചേരാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. എഴുപതോളം എം.വി.ഐമാരുടെയും ജോ. ആർ.ടി.ഒമാരുടെയും ആർ.ടി.ഒ, സ്ഥാനക്കയറ്റം നൽകാത്തതുമൂലം വകുപ്പ് പ്രവർത്തനം പ്രതിസന്ധിയിലായതിനെ തുടർന്നാണ് ബുധനാഴ്ച ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കൗൺസിൽ ചേർന്നത്. ജോയന്റ് ആർ.ടി.ഒ, ആർ.ടി.ഒ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയും ചാർജ് മറ്റ് ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തതോടെ കാര്യക്ഷമമായ പ്രവർത്തനം നടത്തിയ വകുപ്പിൽ മാസങ്ങളായി താളംതെറ്റിക്കിടക്കുകയാണ്.
മിനിസ്റ്റീരിയൽ സ്റ്റാഫിലെ സൂപ്രണ്ടുമാർക്ക് ജോ. ആർ.ടി.ഒമാരായി പ്രമോഷൻ നൽകുന്നതിന് ഓട്ടോമൊബൈൽ എൻജിനീയറിങ് ബിരുദം നിർബന്ധമാക്കിയിരുന്നു. പലരും പരീക്ഷ ഫലം കാത്തിരിക്കുന്നതിനാൽ ഇവരെക്കൂടി ഉൾകൊള്ളിക്കാൻ ജോ.ആർ.ടി.ഒ, ആർ.ടി.ഒ നിയമനം വൈകിപ്പിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.
സെപ്റ്റംബർ രണ്ടാം വാരത്തോടെ പ്രമോഷൻ പട്ടിക പുറത്തിറങ്ങുമെന്നാണ് വിവരം. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗത്തിൽ നിന്ന് താൽക്കാലികമായി ഉദ്യോഗസ്ഥരെ കുറഞ്ഞ ദിവസങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം എൻഫോഴ്സ്മെന്‍റ് പ്രവർത്തനം താളംതെറ്റുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.