മുഹമ്മദ് ഷഹബാസിന്റെ മൃതദേഹം താമരശ്ശേരി തൻവീറുൽ ഉലൂം മദ്റസയിൽ പൊതുദർശനത്തിനുവെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയവർ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകളിൽ വിദ്യാർഥി സംഘർഷം തുടർക്കഥ. നിസ്സാര കാര്യത്തിനാണ് വിദ്യാർഥികൾ ഏറ്റുമുട്ടുന്നതും ക്രൂരമായ അക്രമം അഴിച്ചുവിടുന്നതും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും. സഹപാഠികളുടെ ആക്രമണത്തിൽ കാഴ്ച, കേൾവി തകരാറിലായവർ ഏറെയാണ്.
താമരശ്ശേരിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടി തലയോട്ടി തകർന്ന് മുഹമ്മദ് ഷഹബാസ് മരിച്ചതോടെയാണ് വിദ്യാർഥി സംഘർഷങ്ങൾ കൂടുതൽ ചർച്ചയായത്. സ്ഥിരമായി വിദ്യാർഥി സംഘർഷമുണ്ടാവുന്ന സ്കൂളുകളിലെ അധ്യാപകരും വിദ്യാർഥികളുടെ രക്ഷിതാക്കളും ഒരുപോലെ ഭീതിയിലാണ്. സ്കൂളുകളിൽനിന്ന് തുടങ്ങുന്ന വാക് തർക്കത്തിന്റെ ‘കണക്കുതീർക്കുന്നത്’ വെളിയിൽവെച്ചാണ് എന്നതിനാൽ സ്കൂൾ അധികൃതർ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. വിദ്യാർഥികളുടെ ഭാവിയോർത്ത് പൊലീസും പലപ്പോഴും കേസെടുക്കാതെ പ്രശ്നം ഒത്തുതീർപ്പാക്കുകയാണ് ചെയ്യുന്നത്.
നേരത്തെ രാഷ്ട്രീയ ചേരിതിരിവുകളുടെ പേരിലായിരുന്നു വിദ്യാർഥി സംഘർഷമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഓരോ ഗ്യാങ്ങുകളും ഗ്രൂപ്പുകളും തമ്മിലാണ് ഓണാഘോഷത്തിന്റെയും സെന്റോഫിന്റെയും കലാ-കായികമേളയുടെയുമെല്ലാം മറവിൽ ഏറ്റുമുട്ടുന്നത്. ഗുരുതര പരിക്കേൽക്കുന്ന അക്രമങ്ങൾ സ്കൂൾ അധികൃതരും രക്ഷിതാക്കളെ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച നാദാപുരം പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥികളുടെ മർദനത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റിരുന്നു. പ്ലസ് വൺ വിദ്യാർഥികളായ മുഹമ്മദ് റിഷാൻ, മുഹമ്മദ് സിദാൻ എന്നിവർക്കാണ് പരിക്കേറ്റത്. മർദനത്തിൽ കർണപുടം തകർന്ന് കേൾവിശക്തി തകരാറിലായ മുഹമ്മദ് റിഷാൻ വിദഗ്ധ ചികിത്സ തേടിയിരിക്കയാണ്. വിഷ്ണുമംഗലം ഓത്തിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കവേയാണ് സംഘടിതമായെത്തിയ പ്ലസ് ടു വിദ്യാർഥികൾ ഇവരെ ആക്രമിച്ചുപരിക്കേൽപിച്ചത്. നാദാപുരം പൊലീസിലും സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.
സ്കൂളിലെ ഓണാഘോഷ വേളയിലും പ്ലസ് വൺ വിദ്യാർഥികൾക്ക് ക്രൂരമർദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഓണത്തിന് ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് വരരുതെന്ന് പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥികളോട് പറഞ്ഞിരുന്നു. ഈ നിർദേശം അനുസരിക്കാത്തതിനെ തുടർന്നുള്ള തർക്കമാണ് ഇടക്കിടെ അടിപൊട്ടുന്നതിനുള്ള കാരണം.
കൊടുവള്ളി, കരുവൻപൊയിൽ, പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ വിദ്യാർഥി സംഘർഷം പതിവാണ്. ചേരിതിരിഞ്ഞ് പ്ലസ് വൺ-പ്ലസ്ടു വിദ്യാർഥികൾ തമ്മിലാണ് സംഘർഷം ഉണ്ടാവുന്നത്. റാഗിങ്ങിന്റെ പേരിലും ചെറിയ തർക്കങ്ങളുമായി ബന്ധപ്പെട്ടുമാണ് സ്കൂളിനകത്തുനിന്നും സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽവെച്ചും വിദ്യാർഥികൾ തമ്മിൽ വാക് തർക്കത്തിലേർപ്പെടുന്നത്. തർക്കം പിന്നീട് സംഘട്ടനത്തിൽ കലാശിക്കും. സ്ഥിരമായുള്ള വിദ്യാർഥി സംഘർഷം നാട്ടുകാർക്കും വലിയ ദുരിതമാണ്. അടിപിടി കൂടുന്ന വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ ഇടപെടുന്ന നാട്ടുകാരെ മർദിക്കുന്നതും വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതും പതിവാണ്. വിഷയത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്തത് വിദ്യാർഥികൾക്ക് അടിപിടി കൂടാൻ അനുഗ്രഹമാകുന്നുവെന്നാണ് ആക്ഷേപം.
പയ്യോളിയിൽ ഫുട്ബാൾ പരിശീലനത്തിനെത്തിയ വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ച് കർണപുടം തകർത്ത സംഭവത്തിൽ മൂന്ന് വിദ്യാർഥികൾക്കെതിരെ കേസെടുത്തത് ഫെബ്രുവരിയിലാണ്. പയ്യോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. നന്തി കടലൂർ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർഥിയെയാണ് പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾ റാഗിങ്ങിന് സമാനമായ രീതിയിൽ അതിക്രൂരമായി മർദിച്ചത്.
ഫുട്ബാൾ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിയെ മൂന്നു വിദ്യാർഥികൾ ചേർന്ന് മർദിക്കുകയും നാലാമത്തെയാൾ സംഭവം മൊബൈലിൽ പകർത്തുകയുമായിരുന്നു. അതുവഴി വന്ന ഫുട്ബാൾ പരിശീലകനായ അധ്യാപകനാണ് മർദനമേറ്റ വിദ്യാർഥിയെ അവശനിലയിൽ കണ്ടെത്തിയത്. ചെവിക്ക് ഗുരുതര പരിക്കേറ്റ വിദ്യാർഥിക്ക് മൂന്നുമാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ രണ്ടാഴ്ചക്കുശേഷം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.
അടുത്തിടെ നടന്ന ‘അസോസിയേഷൻ ഡേ’ക്ക് കളർ വസ്ത്രം ഇട്ടതിനാണ് സീനിയർ വിദ്യാർഥികൾ ചാത്തമംഗലം കളൻതോട് എം.ഇ.എസ് കോളജിലെ ബി.സി.എ രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് മിൻഹാജിനെ (20) മർദിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് അധ്യാപകരുടെ അനുമതിയോടെ കളർ വസ്ത്രവും ടൈയും കെട്ടിവന്നതിനെച്ചൊല്ലി കൂട്ടുകാരെ മർദിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ചെന്നതിനാണ് കണ്ടാലറിയാവുന്ന അഞ്ച് സീനിയർ വിദ്യാർഥികൾ മർദിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർഥി കുന്ദമംഗലം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഇരുമ്പ് റിങ് ഉപയോഗിച്ചുള്ള മർദനത്തിൽ മുഖത്ത് പരിക്കേറ്റ മുഹമ്മദ് മിൻഹാജ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കോളജ് ഡേക്ക് കൂളിങ് ഗ്ലാസ് വെച്ചുവന്ന വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ച സംഭവം നടക്കാവ് ഹോളി ക്രോസ് കോളജിലായിരുന്നു. ഫെബ്രുവരി 14ന് ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയെ മർദിക്കുകയും റാഗിങ്ങിനിരയാക്കുകയും ചെയ്തെന്ന പരാതിയിൽ ആറ് സീനിയർ വിദ്യാർഥികൾക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. ‘ഞങ്ങളുടെ മുന്നിലൂടെ ഷോ കാണിക്കുന്നോടാ’ എന്ന് ചോദിച്ചായിരുന്നു സീനിയേഴ്സിന്റെ മർദനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.