യുവമോർച്ചയിൽ പൊട്ടിത്തെറി: സംസ്ഥാന അധ്യക്ഷൻ സംഘടനയെ തകർക്കുന്നുവെന്ന് ജില്ല പ്രസിഡന്‍റ്

കോഴിക്കോട്: ഗ്രൂപ് പ്രവർത്തനം പരസ്യമാക്കി യുവമോർച്ചയിൽ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്‍റ് പ്രഫുൽ കൃഷ്ണനും ജനറൽ സെക്രട്ടറി കെ. ഗണേശും സംഘടനയെ തകർക്കുന്നു എന്നാരോപിച്ച് ജില്ല പ്രസിഡന്‍റും കോർപറേഷൻ കൗൺസിലറുമായ ടി. റനീഷ് രംഗത്തുവന്നു. സംസ്ഥാന നേതൃത്വം ഗ്രൂപ് കളിച്ച് ജില്ലയിലെ സംഘടനയെ തകർക്കുകയാണെന്ന് ചൂണ്ടിക്കാട്ടി റനീഷ് ജില്ല കമ്മിറ്റിയുടെ വാട്സ് ആപ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുവമോർച്ച ജൂൺ ഒമ്പതിന് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ ആളുകുറഞ്ഞതിനെ ചൊല്ലിയുള്ള ചർച്ചയാണ് തർക്കത്തിലും വാക്പോരിലും കലാശിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെയും ജില്ലയിൽനിന്നുള്ള ചില നേതാക്കളെയും യുവനേതാവ് പരോക്ഷമായി വിമർശിക്കുന്നതിനാൽ പാർട്ടിയും വെട്ടിലായി.

സമരത്തിൽ ആളുകുറഞ്ഞതോടെ ജില്ല നേതാക്കളിൽ ഒരു വിഭാഗം ജില്ല പ്രസിഡന്‍റ് ടി. റനീഷിനെതിരെ വിമർശനമുന്നയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കും. സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് സമരം നിശ്ചയിച്ചത്. സമരത്തിൽ ഉറപ്പായും പങ്കെടുക്കുമെന്ന് പറഞ്ഞ സംസ്ഥാന പ്രസിഡന്‍റും ട്രഷററും സമരത്തിൽ പങ്കെടുക്കാതെ ജില്ല ഭാരവാഹിയേയും കൂട്ടി വിവാഹത്തിന് പോയതടക്കം ഇതോടെ റനീഷിനെ അനുകൂലിക്കുന്നവരും ചർച്ചയാക്കി. പിന്നാലെ ലിബിൻ ബാലുശ്ശേരി, ജില്ല കമ്മിറ്റിയുടെ സമരത്തിലാകെ 28 പേർ മാത്രമാണുണ്ടായതെന്ന് പരിഹസിച്ചതോടെയാണ് ഗ്രൂപ്പുകളി മറനീക്കിയത്. ചർച്ചക്ക് മറുപടിയായി റിനീഷിട്ട വോയ്സ് ഇതോടെ മറുവിഭാഗം പാർട്ടി നേതാക്കൾക്കു എത്തിച്ചു.

സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലായിട്ടും അധ്യക്ഷൻ ഉൾപ്പെടെയുള്ളവരുടെ ശിപാർശയിൽ പലരേയും സംഘടന ഭാരവാഹികളാക്കിയതിന്‍റെ ദുരിതമാണിപ്പോൾ അനുഭവിക്കുന്നതെന്നുപറഞ്ഞാണ് ജില്ല പ്രസിഡന്‍റിന്‍റെ വോയ്സ് തുടങ്ങുന്നത്. ജില്ല പ്രസിഡന്‍റായ എന്‍റെ കാലുപിടിച്ച് ഭാരവാഹിയായ ആൾ ഇപ്പോൾ സംഘടനാപാരമ്പര്യം പഠിപ്പിക്കാൻ വരുകയാണ്. സമരത്തിൽ ആളുകുറഞ്ഞതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന നേതാക്കൾക്കുകൂടിയാണ്. സംസ്ഥാന പ്രസിഡന്‍റ്, ട്രഷറർ, ജനറൽ സെക്രട്ടറി എന്നിവരുടെ നാട്ടിലൊന്നും യുവമോർച്ചക്ക് കമ്മിറ്റികൾ ഇല്ലാത്തതിന്‍റെ ഉത്തരവാദിയാരാണ്. പ്രവർത്തിക്കുന്ന മണ്ഡലം കമ്മിറ്റികളെ സംസ്ഥാന പ്രസിഡന്‍റ് അടക്കമുള്ളവർ ഗ്രൂപ്പുകളിക്കായി നിയോഗിക്കുന്നു. സമരത്തിൽ പങ്കെടുക്കുന്നവരിൽ ചിലരെ മാത്രം ബൂസ്റ്റ് ചെയ്യുന്നു.

കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത പാർട്ടിയെ വീണ്ടും പൂജ്യത്തിലെത്തിച്ച ചിലരുണ്ടല്ലോ എന്ന് പറഞ്ഞ് ബി.ജെ.പി പ്രസിഡന്‍റ് കെ. സുരേന്ദ്രനെയും വോയ്സിൽ പരോഷമായി അധിക്ഷേപിക്കുന്നുണ്ട്. ഞാൻ നേതാക്കളുടെ പെട്ടി താങ്ങി വന്നതല്ലെന്നും ആരും വിളയാടാമെന്ന് കരുതേണ്ടെന്നും പറഞ്ഞാണ് റനീഷ് സംസാരം അവസാനിപ്പിക്കുന്നത്. റനീഷ് ജില്ല പ്രസിഡന്‍റായ തുടക്കനാളിൽ ഇദ്ദേഹം ഗുണ്ടാനേതാവാണെന്ന് മറുപക്ഷം വ്യാപക പ്രചാരണം നടത്തിയതു മുതൽ ജില്ല കമ്മിറ്റിയിൽ ഗ്രൂപ്കളിയുണ്ട്. ഭാരവാഹികളെയാകെ വിമർശിച്ച റനീഷിനെ നീക്കം ചെയ്യണമെന്ന് ഔദ്യോഗിക പക്ഷം ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.