കോഴിക്കോട്: കേരളത്തിലെ പ്രധാന മെഡിക്കൽ കോളജുകളിൽ ഒന്നായ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അധ്യാപകർ മരുന്നിനുമാത്രം. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തുടങ്ങി 469 സ്ഥിരം തസ്തികകളാണ് മലബാറിന്റെ ഏക ആശ്രയമായ മെഡിക്കൽ കോളജിൽ ഉള്ളത്.
ഇതിൽ 389 പേർ മാത്രമാണ് ഇപ്പോൾ ഉള്ളത്. ബാക്കി 80 തസ്തികയിൽ ആളില്ല. ഇതിൽ പലതും വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനുപുറമേ ഡോക്ടർമാരുടെ ലോങ് ലീവ്, മെറ്റേണിറ്റി ലീവ് തുടങ്ങിയ ഒഴിവുകൾ വേറെയും.
രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുമ്പോൾ ഡോക്ടർമാരുടെ എണ്ണം കുറഞ്ഞുവരുന്നു. ഇത്തരത്തിൽ ഡോക്ടർമാരുടെ അപര്യാപ്തത വിദ്യാര്‍ഥികളുടെ പഠനത്തെയും രോഗികളുടെ ചികിത്സയെയും പ്രതിസന്ധിയിലാക്കുകയാണ്.
ആവശ്യത്തിന് അധ്യാപകരില്ലാത്തത് കാരണം എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിലെ രണ്ടു പി.ജി സീറ്റുകളുടെ അംഗീകാരം നഷ്ടമായതിനു പിന്നാലെ എം.ബി.ബി.എസ് സീറ്റുകളുടെ അംഗീകാരവും പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാർഥികളും.
1962 സ്റ്റാഫ് പാറ്റേൺ അനുസരിച്ച് അനുവദിച്ച പോസ്റ്റുകളാണ് ഇത്രയും ഒഴിഞ്ഞുകിടക്കുന്നത് എന്നത് അപര്യാപ്തയുടെ വ്യാപ്തി വർധിപ്പിക്കുന്നു. അതിന് ശേഷം മെഡിക്കൽ കോളജിൽ ധാരാളം വികസന പ്രവർത്തനങ്ങൾ നടത്തുകയും വിവിധ അത്യാധുനിക ചികിത്സാസംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും ഒരു തസ്കികപോലും അനുവദിച്ചിട്ടില്ല.
നിലവിലുള്ള ഡോക്ടര്‍മാരെ തന്നെ പുതുതായി തുടങ്ങുന്ന വിഭാഗങ്ങളിലേക്ക് പുനർ വിന്യസിക്കുമ്പോൾ രണ്ടു വിഭാഗങ്ങളുടെയും പ്രവര്‍ത്തനം അവതാളത്തിലാകുന്ന സ്ഥിതിയാണ്. ഏറ്റവും അത്യാവശ്യം വേണ്ട അനസ്തേഷ്യ വിഭാഗത്തിൽപോലും അഞ്ചു പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് രോഗികളുടെ അടിയന്തര ശസ്ത്രക്രിയകൾ പ്രതിസന്ധിയിലാക്കുന്നു.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ആദ്യ എമര്‍ജന്‍സി മെഡിസിന് വിഭാഗമാണ് കോഴിക്കോട്ടേത്. എന്നാൽ, ഇതിൽ ആകെയുള്ള നാലു തസ്തികയിൽ മൂന്നും ഒഴിഞ്ഞുകിടക്കുന്നു. ഒരു പ്രഫസറും രണ്ടു അസോസിയേറ്റ് പ്രഫസറും. സർജറി വിഭാഗത്തിൽ ഏഴ് തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ട്. അസോസിയേറ്റ് പ്രഫസർ ഒന്നും. അസിസ്റ്റന്റ് പ്രഫസർ ആറും.
ഗൈനക്കോളജി വിഭാഗത്തിൽ രണ്ടു പ്രഫസർമാരുടെയും ഒമ്പതു അസിസ്റ്റന്റ് പ്രഫസർമാരുടെയും തസ്തിക ഒഴിഞ്ഞുകിടക്കുന്നു. മൊത്തം 11 ഒഴിവ്. അസ്ഥിരോഗ വിഭാഗത്തിൽ രണ്ടു തസ്തികയിൽ ആളില്ല. ഗാസ്ട്രോ എന്റോളജിയിൽ ആകെ ഉള്ള ആറു തസ്തികയിലാണ് മൂന്നും ഒഴിഞ്ഞു കിടക്കുന്നു. കാര്‍ഡിയോ തൊറാസിക് സർജറി വിഭാഗത്തില്‍ ഒമ്പത് തസ്തികയിൽ ഒരു പ്രഫസർ അടക്കം നാലുപേരുടെ ഒഴിവുണ്ട്. അനസ്തേഷ്യയിൽ അഞ്ച് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പീഡിയാട്രിക് സർജറിയിൽ 12ൽ മൂന്ന് പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. സർജിക്കൽ ഗാസ്ട്രോ എന്റ്രോളജിയിൽ നാലിൽ രണ്ടും ഒഴിവാണ്. ജനറല്‍ മെഡിസിന് വിഭാഗത്തില്‍ 21 അസിസ്റ്റന്റ് പ്രഫസര്‍മാര്‍ വേണ്ടിടത്ത് അഞ്ച് തസ്തിക ഒഴിഞ്ഞുകിടക്കുന്നു. രണ്ട് അധ്യാപകര്‍ ഇവിടെ തന്നെ സൂപ്പര്‍ സ്പെഷാലിറ്റിയിലേക്ക് മാറ്റി. കാര്‍ഡിയോളജി വിഭാഗത്തില്‍ രണ്ട് പ്രഫസര്‍മാരുടെ തസ്തികയില്‍ ഒന്നു നാലു വര്‍ഷം മുമ്പ് കോട്ടയത്തേക്കു മാറ്റിയതാണ്.
14 അസിസ്റ്റന്റ് പ്രഫസര്‍മാര്‍ വേണ്ടിടത്ത് അഞ്ച് തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഇ.എന്‍.ടി വിഭാഗത്തില്‍ ഇവിടെ ഉണ്ടായിരുന്ന പ്രഫസര്‍ തസ്തിക തിരുവനന്തപുരത്തേക്ക് മാറ്റി. പകരം തസ്തിക അനുവദിച്ചിട്ടില്ല. ചര്‍മരോഗ വിഭാഗത്തില്‍ ഒരു പ്രഫസറുടെയും ഒരു അസോസിയേറ്റ് പ്രഫസറുടെയും ഒഴിവുണ്ട്.
ഇവിടെ ഉണ്ടായിരുന്ന ഒരു അസോസിയേറ്റ് പ്രഫസര്‍ തസ്തിക വര്‍ഷങ്ങള്‍ക്കുമുമ്പ് എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിലേക്ക് മാറ്റിയതാണ്. നെഞ്ചുരോഗ വിഭാഗത്തില്‍ ഒരു പ്രഫസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ഉദരരോഗ വിഭാഗത്തില്‍ ഒരു പ്രഫസര്‍, രണ്ട് അസിസ്റ്റന്റ് പ്രഫസര്‍ എന്നിവരുടെ ഒഴിവ് രണ്ട് വര്‍ഷമായി നികത്താതെ കിടക്കുന്നു. ഒരു പ്രഫസറും ഒരു അസിസ്റ്റന്റ് പ്രഫസറും മാത്രമാണ് ഇവിടെയുള്ളത്.
ജനറൽ മെഡിസിൻ അടക്കമുള്ള സീനിയര്‍ റസിഡന്റുമാര്‍ വേണ്ടിടത്ത് ഉള്ളത് മൂന്ന് പേര് മാത്രം. ഫാമിലി മെഡിസിൻ വിഭാഗത്തിന് പ്രത്യേകം ഡോക്ടർമാരെ തന്നെ അനുവദിച്ചിട്ടില്ല. മെഡിസിൻ വിഭാഗമാണ് ഇതും നടത്തിക്കൊണ്ടു പോവുന്നത്. മാത്രമല്ല, കോഴിക്കോട് മെഡിക്കൽ കോളജിൽ ഉണ്ടായിരുന്ന പല തസ്തികകളും പുതുതായി തുടങ്ങിയ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.