എളേറ്റിൽ: റോഡ് നവീകരണ പ്രവൃത്തികൾ അനിശ്ചിതമായി നീളുന്ന പരപ്പൻ പൊയിൽ - പുന്നശ്ശേരി റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി റോഡിന്റെ പാർശ്വഭിത്തികൾ.
വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കെട്ടുകൾ ബലക്ഷയത്താൽ പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയിലാണ്. പന്നിക്കോട്ടൂർ കുണ്ടത്തിൽ അപകടാവസ്ഥയിലുള്ള കെട്ട് നാലു മീറ്ററിൽ അധികം ഉയരം ഉള്ളതാണ്.
കലുങ്ക് പണിയുടെ ഭാഗമായി പകുതി റോഡിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടപ്പോൾ കെട്ട് പുറത്തേക്ക് തള്ളാൻ കാരണമായി. ഈ കെട്ട് പൂർണമായും മാറ്റേണ്ടതുണ്ട്.കുണ്ടുങ്ങരപ്പാറയിൽ പള്ളിയുടെ എതിർവശത്തുള്ള കരിങ്കൽകെട്ട് ഏറെക്കാലമായി അപകടാവസ്ഥയിൽ ആയതിനാൽ വാഹനങ്ങൾ പോകാതിരിക്കാൻ കുറ്റി സ്ഥാപിച്ച് അടയാളം വെച്ചിരിക്കുകയാണ്. കഴിഞ്ഞവർഷത്തെ മഴക്കാലത്തു ഇടിഞ്ഞ കെട്ടിന് നാളിതുവരെ അധികൃതർ യാതൊരു നടപടിയുമെടുത്തിട്ടില്ല.ശക്തമായ മഴയെത്തിയാൽ റോഡിന്റെ പാർശ്വഭിത്തി ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണുള്ളത്. കെട്ടിന്റെ പലഭാഗങ്ങളും ഇളകിമാറിയിട്ടുണ്ട്.
കരിങ്കൽക്കെട്ട് പൂർണ്ണമായും തകർന്നു വീണാൽ റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുതാഴാനും ഗതാഗതം പൂർണ്ണമായി തടയപ്പെടാനും സാധ്യതയുണ്ട്.നിത്യേന നൂറുകണക്കിന് വാഹനങ്ങളും പ്രദേശവാസികളും യാത്ര ചെയ്യുന്ന പ്രധാന റോഡാണിത്. കാട് മൂടികിടക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഈ വഴി കടന്നുപോകുന്ന വാഹനങ്ങൾ കടുത്ത അപകടഭീഷണിയാണ് നേരിടുന്നത്.
വലിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് തന്നെ നിലവിലുള്ള കെട്ടുകൾ മാറ്റിക്കെട്ടാൻ അധികൃതർ തയാറാകണമെന്ന് പ്രദേശവാസികൾ പറയുന്നു. അപകടാവസ്ഥയിലായ കരിങ്കൽക്കെട്ടുകൾ അടിയന്തരമായി മാറ്റിസ്ഥാപിക്കാനും, റോഡിന് സുരക്ഷയൊരുക്കാനും ബന്ധപ്പെട്ട അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.