കോഴിക്കോട് കോതിയിൽ കോർപറേഷന്റെ മലിനജല സംസ്കരണ പ്ലാന്റിനെതിരെ

പ്രതിഷേധിച്ച നാട്ടുകാരനായ ഹംസക്കോയയെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു

കോതിയിൽ മലിനജല സംസ്കരണ പ്ലാന്‍റ് പണി തുടങ്ങി; പ്രതിഷേധം, സംഘർഷം, അറസ്റ്റ്

കോഴിക്കോട്: അമൃത് പദ്ധതിയിൽ കോർപറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പ്ലാന്‍റിന്‍റെ നിർമാണം കോതി പള്ളിക്കണ്ടി അഴീക്കൽ റോഡിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ആവിക്കൽത്തോട്ടിലേതിനു പുറമെ നടപ്പാക്കുന്ന കോതി പ്ലാൻറിനെതിരെ ജനകീയ പ്രതിരോധ സമിതി നൽകിയ ഹരജിയിൽ കോർപറേഷനനുകൂലമായി ഹൈകോടതി ഉത്തരവ് വന്ന സാഹചര്യത്തിലാണ് സ്ഥലം കിളയെടുത്ത് മതിൽ കെട്ടുന്ന പണി ആരംഭിച്ചത്.

കരാറെടുത്ത കമ്പനിയുടെ തൊഴിലാളികളും കോർപറേഷൻ ഉദ്യോഗസ്ഥരും വൻ പൊലീസ് സന്നാഹത്തോടെ ആരംഭിച്ച പ്രവൃത്തിക്കെതിരെ സ്ത്രീകളടക്കം പ്രദേശവാസികൾ പ്രതിഷേധമുയർത്തി. മുദ്രാവാക്യംവിളിയും സംഘർഷാവസ്ഥയുമുണ്ടായി. കല്ലായി പാലത്തിനു സമീപം കോതി റോഡ് ഉപരോധവും മുതിർന്ന യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും നടന്നു. പ്രതിഷേധക്കാരിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെ 9.30ഓടെയാണ് അസി. കമീഷണർമാരായ കെ. സുദർശൻ, എ.ജെ. ജോൺസൺ, എം.സി. കുഞ്ഞിമൊയ്തീൻ കോയ, ടി.പി. രഞ്ജിത്ത്, എ. ഉമേഷ്, പി. ബിജുരാജ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് കാവലിൽ സംഘമെത്തി പണി തുടങ്ങിയത്. സംഭവമറിഞ്ഞ് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെത്തിയതോടെ വാക് തർക്കമായി. നിർമാണത്തിന് അനുകൂലമായ കോടതിവിധിയുടെ പകർപ്പ് കാണണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

തൊഴിലാളികൾക്ക് സംരക്ഷണം നൽകാനാണ് തങ്ങൾക്കുള്ള നിർദേശമെന്ന് പൊലീസും അറിയിച്ചു. പ്രതിഷേധിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയതു. എം.പി. ഹംസക്കോയ, മുഹമ്മദ് സിനാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനിടെ യന്ത്രമുപയോഗിച്ച് ചാലുകീറി കരിങ്കല്ലിട്ട് മതിലുപണിയും തുടങ്ങി.

നേരത്തേ ഈ ഭാഗത്ത് കോർപറേഷൻ പണിത കമ്പിവേലികൾ ഇതിനകം അപ്രത്യക്ഷമായിട്ടുണ്ട്. റോഡിലേക്കുള്ള ഭാഗത്തും കല്ലായി പുഴയോടു ചേർന്ന ഭാഗത്തും നിർമാണം തുടങ്ങിയിട്ടുണ്ട്. രണ്ടു സെന്‍റ് മാത്രമുള്ള സ്ഥലങ്ങളിൽ തിങ്ങിപ്പാർക്കുന്ന തങ്ങൾക്ക് നിർമാണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രതിഷേധക്കാർ പരാതിപ്പെട്ടു.

ചട്ടലംഘനമാണെന്നും കോടതിവിധി കാണിക്കണമെന്നും ഇതിനിടെ സ്ഥലത്തെത്തിയ സമിതി നേതാവ് ഫൈസൽ പള്ളിക്കണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു. മേയർ, ഡെപ്യൂട്ടി മേയർ എന്നിവരുടെ വാർഡിൽ പ്ലാന്റുണ്ടാക്കിയാൽ മതിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

കോടതിവിധി പ്രകാരം മേയറുടെയും ഡെപ്യൂട്ടി മേയറുടെയും നിർദേശാനുസരണമാണ് നിർമാണമെന്ന് സൂപ്രണ്ടിങ് എൻജിനീയർ പറഞ്ഞു. നിർമാണത്തിനുള്ള തടസ്സങ്ങൾ നീങ്ങിയതാണ്. ഇതിനിടെ യു.ഡി.എഫ് നേതാക്കളായ അഡ്വ. പ്രവീൺ കുമാർ, എം.എ. റസാഖ്, കൗൺസിലർ കെ. മൊയ്തീൻ കോയ എന്നിവരെത്തി ജനവികാരം കണക്കിലെടുക്കണമെന്നാവശ്യപ്പെട്ടു.

നിർമാണവുമായി മുന്നോട്ടുപോകുമെന്ന് അധികൃതർ അറിയിച്ചതോടെ ഒരു മണിയോടെ പ്രതിഷേധ യോഗം നടന്നു. ഇതിനിടെ കല്ലായി പാലത്തിനു സമീപം റോഡ് ഉപരോധവുമുണ്ടായി. അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അൽസൽ, സജ്ജാദലി, മുഹമ്മദ് അജ്മൽ, നിഹാൽ, ഷാഹുൽ ഹമീദ്, അബ്ദുൽ മനാഫ്, വഹാനിസ് എന്നിവരാണ് അറസ്റ്റിൽ. തടസ്സങ്ങൾ നീക്കി പൊലീസ് പെട്ടെന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.

തെക്കേപ്പുറത്ത് വെള്ളിയാഴ്ച ഹർത്താൽ

കോഴിക്കോട്: ജനവാസ മേഖലയായ പള്ളിക്കണ്ടി അഴീക്കൽ റോഡിൽ കോർപറേഷന്റെ സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണത്തിൽ പ്രതിഷേധിച്ച് 57, 58, 59 വാർഡുകൾ ഉൾക്കൊള്ളുന്ന തെക്കേപ്പുറത്ത് ഹർത്താൽ നടത്തും.

വെള്ളിയാഴ്ച രാത്രി നടന്ന ജനകീയ പ്രതിരോധ സമിതിയാണ് ഹർത്താൽ തീരുമാനിച്ചത്. കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, മുഖദാർ, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ഹർത്താൽ നടക്കുക.

Tags:    
News Summary - Sewage treatment plant started working at Kothi-Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.