പ്രതീകാത്മക ചിത്രം
കോഴിക്കോട്: കൈക്കൂലി കേസിൽ മുൻ വാണിജ്യ വിൽപന നികുതി ഓഫിസർക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം വാണിജ്യ വിൽപന നികുതി ഓഫിസിലെ മുൻ ഇന്റലിജൻസ് ഓഫിസറും തിരുവനന്തപുരം കരമന സ്വദേശിയുമായ കെ. മോഹനനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജ് ഷിബു തോമസ് ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം ചേളാരി സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിൽ മേലെ ചേളാരിയിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട കണക്കുകളും ബില്ലുകളും മലപ്പുറം വാണിജ്യ വിൽപന നികുതി ഓഫിസിൽ ഹാജരാക്കുന്നതിന് മോഹനൻ നോട്ടീസ് നൽകിയിരുന്നു.
ഇപ്രകാരം ഓഫിസിലെത്തിയ പരാതിക്കാരനോട് മൂന്ന് ലക്ഷം രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ ബുദ്ധിമുട്ട് പറഞ്ഞതോടെ പിഴ കുറച്ച് നൽകുന്നതിന് 60,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിജിലൻസിൽ നൽകിയ പരാതിയെ തുടർന്നാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം മോഹനനെ കൈയോടെ പിടികൂടിയത്. വിജിലൻസ് ഉത്തരമേഖല മുൻ ഡിവൈ.എസ്.പി അശ്വകുമാർ, ഇൻസ്പെക്ടർമാരായ കുഞ്ഞിമൊയ്തീൻ കുട്ടി, സുനിൽ പുളിക്കൽ, എൻ.രാജേഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അരുൺ നാഥ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.