കോഴിക്കോട്: ഓടുന്ന ട്രെയിനിൽനിന്ന് വീട്ടമ്മയെ ചവിട്ടിവീഴ്ത്തി പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ പ്രതി മംഗളൂരു ഭാഗത്തേക്കുള്ള മറ്റൊരു ട്രെയിനിൽ രക്ഷപ്പെട്ടതായി സൂചന. വെള്ളിയാഴ്ച പുലർച്ച നാലരയോടെ സമ്പർക്കക്രാന്തി എക്സ്പ്രസിൽ എസ് വൺ കമ്പാർട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന തൃശൂർ തലോർ വൈക്കാടൻ ജോസിന്റെ ഭാര്യ അമ്മിണിയെ (64) ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ട് ഫ്രാൻസിസ് റോഡ് മേൽപാലത്തിനടുത്ത് എത്താറായപ്പോൾ മോഷ്ടാവ് തള്ളിയിട്ടെന്നാണ് പരാതി.
വാതിലിനു സമീപം നിൽക്കുന്ന അമ്മിണിയുടെ ബാഗ് 35 വയസ്സു തോന്നിക്കുന്നയാൾ പിടിച്ചു പറിക്കുകയായിരുന്നു. എതിർത്ത അമ്മിണിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തി. മോഷ്ടാവും പുറത്തേക്കു വീണിരുന്നു. തുടർന്ന് ബാഗുമായി മോഷ്ടാവ് വട്ടാംപൊയിൽ ഭാഗത്തുനിന്ന് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിൻ വേഗ കുറച്ചപ്പോൾ അതിൽ കയറി രക്ഷപ്പെട്ടിട്ടുണ്ടാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്. തെളിവായി ദൃശ്യവും കിട്ടിയിട്ടുണ്ട്.
സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. കവർച്ച നടന്ന ട്രെയിൻ പുറപ്പെട്ട സ്റ്റേഷൻ മുതലുള്ള സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പുലർച്ചയായതിനാൽ ആക്രമിച്ചയാളുടെ മുഖം പൂർണമായും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇതിനാൽ രേഖാചിത്രം തയാറാക്കാനും സാധിക്കില്ലെന്ന് കേസന്വേഷിക്കുന്ന റെയിൽവേ പൊലിസ് ഇൻസ്പക്ടർ സുബിൻ മനോഹർ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സഹോദരൻ വർഗീസ് അറിയച്ചതനുസരിച്ച് യാത്രക്കാരൻ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു. പരിക്കേറ്റ അമ്മിണിയെ ഇതേ ട്രെയിനിൽതന്നെ തിരൂർ സ്റ്റേഷനിൽ എത്തിച്ചു. അവിടെനിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.