കോഴിക്കോട്: വിൽപനക്കെത്തിച്ച വൻ മയക്കുമരുന്ന് ശേഖരം നഗരപരിധിയിലെ വാടകവീട്ടിൽനിന്ന് പിടികൂടിയ സംഭവത്തിന് പിന്നിൽ അന്തർ സംസ്ഥാന ലഹരിസംഘമെന്ന് സൂചന. ഇതിലെ കോഴിക്കോട്, മലപ്പുറം സ്വദേശികളുടെ നാല് മൊബൈൽ ഫോൺ നമ്പർ ലഭിച്ചതോടെ അന്വേഷണ സംഘം സൈബർ സെല്ലിനോട് കാൾ ഡീറ്റെയിൽസ് റിപ്പോർട്ട് (സി.ഡി.ആർ) തേടി. സി.ഡി.ആർ ലഭിച്ചാൽ ലഹരി സംഘം ആരെയൊക്കെ ബന്ധപ്പെട്ടു, എവിടെയെല്ലാം തങ്ങി എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് ഉത്തരമാകും.
സംഘത്തിലെ കണ്ണികളെന്ന് സംശയിക്കുന്നവരുടെ നാട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. അതിനിടെ, സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത രണ്ട് ബൈക്കുകൾ കോഴിക്കോട് സ്വദേശികളുടേതാണെന്ന് വ്യക്തമായി. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. പൊലീസ് അന്വേഷിച്ച് പോയെങ്കിലും ഇവരുടെ വീടുകൾ അടച്ചിട്ട നിലയിലുമാണ്.
സംസ്ഥാനതലത്തിലെ തന്നെ വലിയ ലഹരിവേട്ടയായിരുന്നു മേയ് 19ന് പുതിയങ്ങാടിയിൽ നടന്നത്. രഹസ്യ വിവരത്തെതുടർന്ന് അത്താണിക്കടുത്തുള്ള എടക്കൽ ഭാഗത്തെ വീട്ടിൽ രാത്രി നടത്തിയ പരിശോധനയിൽ 779 ഗ്രാം എം.ഡി.എം.എ, 80 എൽ.എസ്.ഡി സ്റ്റാമ്പ്, 6.150 ഗ്രാം എക്സ്റ്റസി തുടങ്ങിയവയാണ് വെള്ളയിൽ പൊലീസും ‘ഡൻസാഫും’ ചേർന്ന് പിടികൂടിയത്. ഇതോടൊപ്പം വീട്ടിൽനിന്ന് ലഹരിയുടെ അളവ് കണക്കാക്കുന്നതിനുള്ള ചെറിയ ഇലക്ട്രോണിക് തുലാസ്, ലഹരി പൊതിയുന്ന ചെറിയ പ്ലാസ്റ്റിക് കവറുകൾ, ഡപ്പികൾ, പ്രതികളുടെ ബൈക്ക് എന്നിവയും കണ്ടെടുത്തിരുന്നു. ബംഗളൂരുവിൽനിന്നാണ് സംഘം ലഹരിവസ്തുക്കൾ എത്തിച്ചതെന്നാണ് വിവരം. അമേരിക്കയിൽ ജോലിചെയ്യുന്ന വീട്ടുടമസ്ഥനിൽനിന്ന് പ്രതികളെക്കുറിച്ച് പൊലീസിന് ലഭിച്ച സൂചനകളിലും അന്വേഷണം പുരോഗമിക്കുകയാണ്. അടുത്ത ദിവസമാണ് സംഘം വീട് വാടകക്കെടുത്തത് എന്നതിനാൽ അയൽക്കാർക്ക് ഇവരെക്കുറിച്ച് വിവരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.