ഇരട്ട വോട്ട് തടയൽ; ആധാർ ലിങ്കിങ് 55.9 ശതമാനം പൂർത്തിയായി

കോഴിക്കോട്: ഇരട്ട വോട്ട് തടയാനും വോട്ടറുടെ വ്യക്തിത്വം ഉറപ്പാക്കാനും തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. ജില്ലയിലിതുവരെ 55.9 ശതമാനം ആധാർ ലിങ്കിങ് പൂർത്തിയായതായി ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ. ഹിമ അറിയിച്ചു.

ജില്ലയിലെ 25,19,199 പേരിൽ 14,08273 പേരും വോട്ടർ ഐ.ഡി ആധാറുമായി ബന്ധിപ്പിച്ചു. വോട്ടർപട്ടിക പുതുക്കല്‍, ആധാർ ലിങ്കിങ് തുടങ്ങിയവക്കായി ബി.എൽ.ഒമാർ ഗൃഹസന്ദർശനം നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.

വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശ പ്രകാരം ജില്ലയിലെത്തിയ വോട്ടർപട്ടിക നിരീക്ഷകൻ പി.എം. അലി അസ്ഗർ പാഷയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെയാണ് ഹിമ ഇക്കാര്യങ്ങൾ അറിയിച്ചത്.

വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഡിസംബര്‍ എട്ടുവരെ അവസരമുണ്ടെന്ന് വോട്ടർപട്ടിക നിരീക്ഷകൻ പി.എം. അലി അസ്ഗർ പാഷ അറിയിച്ചു.

കരടുപട്ടികയിൽ ആക്ഷേപമുണ്ടെങ്കിൽ ഡിസംബര്‍ എട്ടുവരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാം. ഒരു പോളിങ് സ്‌റ്റേഷന്‍/ നിയമസഭ മണ്ഡലത്തില്‍നിന്നും മറ്റൊരു പോളിങ് സ്‌റ്റേഷന്‍/നിയമസഭ മണ്ഡലത്തിലേക്ക് സ്ഥാനമാറ്റം നടത്തുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താം.

ജനുവരി അഞ്ചിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികളിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ടുള്ള കാമ്പയിനുകളിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഹയർസെക്കൻഡറി, കോളജ് തലങ്ങളിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡെടുക്കുന്നതുമായി ബന്ധപ്പെട്ട് എൻറോൾമെന്റ്‌ കാമ്പയിനുകൾ സംഘടിപ്പിക്കാൻ അതത് വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും അലി അസ്ഗർ പാഷ പറഞ്ഞു. ജനപ്രതിനിധികളുമായും തെരഞ്ഞെടുപ്പ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായും അദ്ദേഹം ചർച്ച നടത്തി.

വോട്ടര്‍പട്ടിക പുതുക്കൽ സേവനം ലഭിക്കാൻ ജനസേവ കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താം. കൂടാതെ 'വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്' ഡൗണ്‍ലോഡ് ചെയ്തും www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയും തിരുത്താം.

അതത് ബൂത്തുകളിൽ ബി.എൽ.ഒമാർക്കൊപ്പം രാഷ്ട്രീയ പാർട്ടികളും യോഗം നടത്തിയാൽ ആ ബൂത്തുകളിലെ ഷിഫ്റ്റ്, ഡെത്ത് എന്നിവയുടെ എണ്ണം പെട്ടെന്ന് കണ്ടുപിടിക്കാമെന്ന് യോഗത്തിൽ നിർദേശമുയർന്നു. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കാനത്തിൽ ജമീല എം.എൽ.എ, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരായ തഹൽസിദാർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Prevention of double voting-Aadhaar linking is 55.9 percent complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.