കോ​ഴി​ക്കോ​ട് പാ​വ​മ​ണി റോ​ഡി​ലെ ന​ട​പ്പാ​ത​യി​ൽ മ​ദ്യ ല​ഹ​രി​യി​ൽ കി​ട​ക്കു​ന്ന ആ​ൾ

പൊലീസ് പരിശോധന കുറഞ്ഞു; മദ്യലഹരിയിൽ ആക്രമണം തുടർക്കഥ

കോഴിക്കോട്: തെരുവോരങ്ങളിൽ കഴിയുന്നവർ മദ്യപിച്ച് ആക്രമിക്കുന്നതും അടിപിടിയുണ്ടാക്കുന്നതും നഗരത്തിൽ വർധിക്കുന്നു. രാത്രിയാവുന്നതോടെ പ്രധാന ഭാഗങ്ങളടക്കം കൈയടക്കിയാണ് ഇത്തരക്കാരുടെ വിളയാട്ടം. മദ്യലഹരിയിലെ അടിപിടിയും കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുമാസത്തിനിടെ സിറ്റി പൊലീസ് വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും വേണ്ടത്ര പരിശോധന നടത്താത്തതാണ് ഇത്തരം സംഭവങ്ങൾ വർധിക്കാനിടയാക്കുന്നത് എന്നാണ് ആക്ഷേപം.

കടവരാന്തയിലുറങ്ങിയ സുഹൃത്തിനെ മദ്യലഹരിയിൽ തമിഴ്നാട് സ്വദേശി തീകൊളുത്തിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. മാർച്ച് 19ന് രാത്രി പന്ത്രണ്ടോടെ റെയിൽവേ സ്റ്റേഷന് സമീപം ഇന്‍റർനാഷണൽ ഹോട്ടലിന്‍റെ മുൻ ഭാഗത്ത് ഉറങ്ങിയ കൊടുവള്ളി സ്വദേശി ഷൗക്കത്തിനെയാണ് (48) തമിഴ്നാട് സ്വദേശി മണി തീ കൊളുത്തിയത്. നേരത്തെ മദ്യപിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നീട് ഷൗക്കത്ത് ഉറങ്ങവെ മണി തീകൊളുത്തുകയായിരുന്നു. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ഷൗക്കത്തിനെ ടൗൺ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. കേസിൽ അറസ്റ്റിലായ മണി തീ കൊളുത്തുന്നതിന്‍റെയടക്കം ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി കാമറയിൽനിന്ന് പൊലീസിന് ലഭിച്ചിരുന്നു.

ഒപ്പമിരുന്ന് മദ്യപിച്ചവർ തമ്മിൽ വൈ.എം.സി.എ ക്രോസ് റോഡിൽ വെച്ച് തർക്കമുണ്ടായതും കത്തിക്കുത്തിൽ കലാശിച്ചതും അടുത്തിടെയാണ്. തിങ്കളാഴ്ച രാത്രി 11ഓടെ പാളയത്തുനിന്ന് മദ്യലഹരിയിലെ അടിപിടിയിൽ മഞ്ചേരി സ്വദേശി ഷാജിക്ക് (46) നെറ്റിക്ക് പരിക്കേറ്റിരുന്നു. ഇയാളെ കസബ പൊലീസാണ് ബീച്ച് ജനറൽ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ മീനങ്ങാടി സ്വദേശി ഹരിദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരിക്കേറ്റയാൾ പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തില്ല.

രാത്രിയാവുന്നതോടെ റെയിൽവേ സ്റ്റേഷൻ പരിസരം, പാളയം, കെ.എസ്.ആർ.ടി.സി, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരമെല്ലാം ഇത്തരക്കാരുടെ പിടിയിലാണ്. പരസ്യമായി മദ്യപിക്കുകയും തുടർന്ന് അടിപിടിയുണ്ടാക്കുന്നതും പലപ്പോഴും യാത്രക്കാരായ സ്ത്രീകൾക്കുവരെ ഭീഷണിയാണ്. ശ്രീകണ്ഠേശ്വേര ക്ഷേത്രം -മാവൂർ റോഡ് വഴിയിൽ എൽ.ബി.എസിന് പിൻ ഭാഗത്തുള്ള ഒഴിഞ്ഞ പ്രദേശം രാപ്പകൾ ഭേദമില്ലാതെ ലഹരി മാഫിയകളുടെ വിഹാര കേന്ദ്രമാണ്. മുമ്പ് ഇവിടെനിന്ന് ലഹരി ഉപയോഗിച്ചയാൾ സമീപത്തെ ഹോട്ടലിൽ കയറി അക്രമം നടത്തിയിരുന്നു. നഗരത്തിലെ പല ഒഴിഞ്ഞ കെട്ടിടങ്ങളും ലഹരി കേന്ദ്രങ്ങളാണ്. നേരത്തെ കോമ്പിങ് ഓപറേഷന്‍റെ ഭാഗമായി പൊലീസ് മാസത്തിലൊരിക്കലെങ്കിലും ഇത്തരം കേന്ദ്രങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു. എന്നാൽ സമീപകാലത്തായി പരിശോധനകൾ കുറഞ്ഞത് ഇത്തരം സംഘങ്ങൾക്ക് ഗുണമാവുകയാണ്. 

ബിവറേജ് ഔട്ട്ലെറ്റുകൾക്ക് സമീപം മദ്യപാനം; നടപടിയില്ല

കോഴിക്കോട്: നഗരത്തിലെ ബിവറേജ് ഔട്ട്ലെറ്റുകൾക്ക് സമീപത്തുനിന്ന് പരസ്യമായി മദ്യപിക്കുന്നതിനെതിരെ നടപടിയില്ല. പാവമണി റോഡിലെ ഔട്ട്ലെറ്റിനടുത്താണ് പരസ്യമദ്യപാനം ഏറെയും. ഇവിടെനിന്ന് മദ്യം വാങ്ങി കുപ്പിവെള്ളം ചേർത്ത് റോഡരികിലെ നടപ്പാതയിലും മുതലക്കുളം ഭാഗത്തേക്കുള്ള ഇടറോഡിലും നിന്നുമാണ് മദ്യപിക്കുന്നത്. പരസ്യമദ്യപാനം ഈ മേഖലയിലെ വ്യാപാരികൾക്കും വഴിയാത്രക്കാർക്കും വലിയ ദുരിതമാണ്. സിറ്റി പൊലീസ് ആസ്ഥാനത്തിനും വനിത പൊലീസ് സ്റ്റേഷനും തൊട്ടടുത്താണ് ഈ പ്രദേശമെങ്കിലും പൊലീസ് ഇവിടെ പരിശോധനക്കെത്താറില്ല. പാവമണി റോഡ്, ശ്രീകണ്ഠേശ്വര ക്ഷേത്രം റോഡ് എന്നിവിടങ്ങളിലെ നടപ്പാതകളിൽ മദ്യപിച്ച് ലക്കുകെട്ട് ആളുകൾ വീണുകിടക്കുന്നത് പതിവാണ്.

Tags:    
News Summary - Police checks reduced; Alcohol attack sequel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.