നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച പിക് അപ് വാൻ
കുന്ദമംഗലം : പെരിങ്ങൊളത്ത് പിക്അപ് വാൻ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. ഞായറാഴ്ച രാവിലെ ആറിന് പെരിങ്ങൊളം-കുന്ദമംഗലം റോഡിലാണ് സംഭവം. അപകടത്തിൽ ഡ്രൈവർ ആലപ്പുഴ സ്വദേശി മനോജ് (27)ന് പരിക്കേറ്റു. വാഹനം മതിലിൽ ഇടിച്ചു മതിൽ തകരുകയും ഡ്രൈവർ വാഹനത്തിൽ കുടുങ്ങിപ്പോകുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വെള്ളിമാട്കുന്ന് അഗ്നി രക്ഷ നിലയത്തിൽ നിന്ന് അഗ്നിരക്ഷ സേന എത്തി വാഹനത്തിന്റെ ഡോർ അടർത്തിമാറ്റിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
അഗ്നി രക്ഷ സേനയുടെ ആംബുലൻസിൽ പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി. ബാബുവിന്റെ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അനീഷ് കുമാർ, ജമാലുദ്ദീൻ, ചസിൻ ചന്ദ്രൻ, കൃഷ്ണ മുരളി, ഹോം ഗാർഡുമാരായ റഹീസ്, നാരായണൻ, ഡ്രൈവർമാരായ സെന്തിൽ കുമാർ, അഖിൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കുന്ദമംഗലം : കാറുകൾ കൂട്ടിയിടിച്ച് അപകടം. ദേശീയപാതയിൽ മർകസിനടുത്ത് എസ്.ബി.ഐ ബാങ്കിന് സമീപം ഞായറാഴ്ച ഉച്ചക്ക് മൂന്നിനാണ് സംഭവം. കുന്ദമംഗലം ഭാഗത്ത് നിന്ന് കാരന്തൂർ ഭാഗത്തേക്ക് പോകുന്ന കാർ കാരന്തൂർ ഭാഗത്ത് നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് വരുന്ന കാറിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ എതിർ ദിശയിലേക്ക് തിരിഞ്ഞാണ് നിന്നത്. ഈ സമയം അതുവഴി വന്ന മറ്റൊരു കാറും അപകടത്തിൽ പെട്ടു.
ആർക്കും പരിക്കില്ല. കൂട്ടിയിടിച്ച കാറുകളുടെ മുൻഭാഗം തകർന്നു. നിരവധി തവണ അപകടങ്ങൾ ഉണ്ടായതും റോഡിന് ഇറക്കമുള്ളതുമായ അപകട സാധ്യത മേഖലയാണിത്. ദേശീയപാതയിൽ അൽപ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.