ഷിഹാബ് ജയന്റെ വീട്ടിലെത്തിയപ്പോൾ
ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് വഴിയൊരുക്കാൻ ആംബുലൻസിന്റെ വഴിയടച്ച് പൊലീസ്; പിന്നാലെ ഡ്രൈവർക്കെതിരെ കേസ്
മുക്കം: ഒരു വശത്ത് മരണത്തോട് മല്ലിടുന്ന രോഗി, മറുവശത്ത് ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് വഴിയൊരുക്കാൻ റോഡിൽ തടഞ്ഞിട്ട വാഹനങ്ങൾ. ജീവൻ രക്ഷിക്കാനുള്ള തിടുക്കത്തിൽ മുന്നോട്ടുപോയ ആംബുലൻസ് ഡ്രൈവർക്കെതിരെ പിന്നീട് പൊലീസ് കേസെടുത്തതോടെ സംഭവം വിവാദത്തിൽ. കാരശ്ശേരി മുൻ ഗ്രാമപഞ്ചായത്ത് അംഗവും ആംബുലൻസ് ഡ്രൈവറുമായ പി.പി. ഷിഹാബിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ നീതി തേടി ഷിഹാബ് ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകി.
കഴിഞ്ഞ 16നാണ് വിവാദത്തിനിടയാക്കിയ സംഭവം. കാരശ്ശേരി മുരിങ്ങംപുറായിലെ സ്വകാര്യ ക്രഷർ ജീവനക്കാരനായ കാഞ്ഞിരമുഴി സ്വദേശി ജയൻ നടുത്തൊടിക (61) ബൈക്കിൽനിന്ന് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റതോടെയാണ് സംഭവങ്ങളുടെ തുടക്കം. അബോധാവസ്ഥയിലായ ജയനെ ആദ്യം കെ.എം.സി.ടി. മെഡിക്കൽ കോളജിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
രോഗിയുമായി ആംബുലൻസ് തൊണ്ടയാട് എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് പൊലീസ് വാഹനങ്ങൾ തടഞ്ഞതെന്ന് ഷിഹാബിന്റെ പരാതി. വാഹനവ്യൂഹം കടന്നുപോയിട്ടും ആംബുലൻസിന് യാത്ര തുടരാൻ അനുമതി നൽകിയില്ലെന്നും, രോഗിയുടെ ഗുരുതരാവസ്ഥയും അടിയന്തര ചികിത്സയുടെ ആവശ്യകതയും പൊലീസിനെ ബോധ്യപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗിയുടെ ജീവൻ അപകടത്തിലാകുമെന്ന ആശങ്കയിൽ ആംബുലൻസ് മുന്നോട്ടെടുത്തതായും ഷിഹാബ് വ്യക്തമാക്കി. എന്നാൽ സംഭവത്തിന് പിന്നാലെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽനിന്ന് ഷിഹാബിന് ഫോൺവിളിയെത്തി. പൊലീസിന്റെ നിർദേശം അവഗണിച്ച് അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപിച്ച് തനിക്കെതിരെ കേസെടുത്തെന്ന് അറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയൻ നടുത്തൊടിക ദിവസങ്ങളോളം വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. നിലവിൽ ആശുപത്രിവിട്ട അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്. രോഗിയുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്ന വിവരവും ആംബുലൻസ് യാത്രക്കിടെ നേരിട്ട തടസ്സത്തെക്കുറിച്ചുള്ള ഡ്രൈവറുടെ ആരോപണങ്ങളും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ഇതിനെതിരെ ശക്തമായ നിയമപോരാട്ടത്തിനാണ് ഷിഹാബ് ഒരുങ്ങുന്നത്. ആഭ്യന്തര മന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമീഷനും പരാതി നൽകിയതോടെ സംഭവത്തിൽ അധികൃതരുടെ ഇടപെടലാണ് ഇനി ഉറ്റുനോക്കുന്നത്.
സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. വി.ഐ.പി സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും നടപ്പാക്കുമ്പോൾ അടിയന്തര ചികിത്സക്ക് പോകുന്ന ആംബുലൻസുകൾക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കേണ്ടതില്ലേയെന്നാണ് ഉയരുന്ന ചോദ്യം. രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ തടസ്സങ്ങൾ നേരിട്ടെന്ന ആരോപണവും പിന്നാലെ ഡ്രൈവർക്കെതിരെ കേസെടുത്ത നടപടിയും ഗൗരവമായി പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസുകൾക്ക് മുൻഗണന ഉറപ്പാക്കണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.