ഒറ്റച്ചാട്ടത്തിൽ സ്വർണാഭിഷേകം
എല്ലാമുറപ്പിച്ച് കാത്തിരുന്ന എതിരാളിക്കുമേൽ അവസാന ചാട്ടത്തിലെ ട്വിസ്റ്റുമായി ജയവും സ്വർണവും മാറോടു ചേർത്ത് അഭിഷേക്. സബ്ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിലാണ് അവസാന അവസരം 6.61 മീറ്ററുമായി സ്വർണത്തിലേക്ക് ചാടിക്കയറി മലപ്പുറം പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ് സ്കൂൾ വിദ്യാർഥി അഭിഷേക് ദിനം തന്റേതാക്കിയത്. സ്ഥിരതയാർന്ന പ്രകടനവുമായി അതുവരെയും മുന്നിൽനിന്ന തിരുവനന്തപുരം ജി.വി രാജ സ്കൂളിന്റെ ശ്രീഹരിയെ ആണ് താരം പിറകിലാക്കിയത്. ആദ്യ ചാട്ടം മുതൽ ശ്രീഹരി ലീഡ് പിടിച്ച് മുന്നിൽ നിന്നപ്പോൾ വെള്ളിയിൽ ഒതുങ്ങാനായിരുന്നു താരത്തിന് യോഗം. ചാടിയത് 5.58 മീറ്റർ. സമാനമായി മികച്ച പ്രകടനത്തിന് അവസാനം വരെ കാത്തിരുന്ന കണ്ണൂർ ചെറുകുന്ന് ബഖിത ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥി ആഷ്ബിൻ സന്തോഷ് 5.52 മീറ്റർ ചാടി മൂന്നാമനായി. മലപ്പുറം തൃപ്പനച്ചി സ്വദേശിയായ അഭിഷേകിനിത് ആദ്യ കായിക മേളയാണ്. കൂലിത്തൊഴിലാളിയായ രാജന്റെയും മിനിയുടെയും മകനാണ്. ഇവിടെ രണ്ടാമതെത്തിയ ശ്രീഹരി കഴിഞ്ഞ ദിവസം സബ്ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടിയിരുന്നു. കാലിനേറ്റ പരിക്കുമൂലം അന്ന് അഭിഷേക് മത്സരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.