അപേക്ഷ സ്വീകരിച്ചുതുടങ്ങി; വളര്‍ത്തുമൃഗങ്ങള്‍ക്ക് ഉടൻ ലൈസൻസാവും

കോഴിക്കോട്: നഗരപരിധിയിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് കൊടുക്കാനുള്ള നടപടികൾക്കു തുടക്കം. ഈ മാസം മുതൽ കോർപറേഷൻ ഓഫിസിൽനിന്ന് നിരവധി പേർ അപേക്ഷകൾ വാങ്ങിയതായി അധികൃതർ പറഞ്ഞു. ഇപ്പോൾ ഭൂരിപക്ഷം നായ്ക്കൾക്കും പ്രധാന തിരിച്ചറിയൽ രേഖ പ്രതിരോധ കുത്തിവെപ്പ് നടത്തിയ സർട്ടിഫിക്കറ്റ് മാത്രമാണ്. കോർപറേഷൻ ലൈസൻസിന് അതത് സർക്കിൾ ഓഫിസുകളിലാണ് അപേക്ഷ നൽകേണ്ടത്. അവിടെനിന്ന് മൃഗങ്ങളെ പരിശോധിച്ച് രേഖകൾ കോർപറേഷൻ ഓഫിസിൽ എത്തിയശേഷമേ കോർപറേഷൻ ഓഫിസിൽനിന്ന് മൈക്രോചിപ്പ് അടക്കമുള്ള ലൈസൻസുകൾ നൽകുകയുള്ളൂ. നായ്ക്കൾക്കു മാത്രമേ മൈക്രോചിപ്പ് ഉണ്ടാവുകയുള്ളൂ. അപേക്ഷ നൽകിക്കഴിഞ്ഞാലും നടപടിക്രമങ്ങൾ കഴിയുമ്പോൾ കാലതാമസം വരും. ആദ്യ ലൈസൻസ് നൽകൽ ഉദ്ഘാടനച്ചടങ്ങോടെ നടത്താമെന്ന് കരുതുന്നതായി കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു.

അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ വീടുകളില്‍ പരിശോധന നടത്തും. അതിനുശേഷമാണ് ലൈസന്‍സ് തയാറാക്കുക. നായ്ക്കളടക്കം വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടായാലും മറ്റും ഉപേക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങൾ തടയാൻ ലൈസന്‍സ് ഏര്‍പ്പെടുത്തുക വഴി ആവുമെന്നാണ് പ്രതീക്ഷ. കോര്‍പറേഷന്‍ ഓഫിസില്‍ നിന്നാണ് അപേക്ഷ കിട്ടുക.

പൂരിപ്പിച്ച അപേക്ഷക്കൊപ്പം ഉടമസ്ഥന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പേവിഷ ബാധക്കെതിരായ കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വളര്‍ത്തുമൃഗത്തിന്റെ വർണച്ചിത്രം എന്നിവ സഹിതം ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫിസിലാണ് അപേക്ഷ സ്വീകരിക്കുന്നത്. മൃഗങ്ങളെ വളര്‍ത്താൻ സൗകര്യമുണ്ടെന്ന് പരിശോധിച്ചശേഷമാണ് ലൈസന്‍സ് നൽകുക. നായ്ക്കും കുതിരക്കും 500 രൂപ വീതമാണ് ലൈസന്‍സ് ഫീസ്. നായുടെ ബ്രീഡര്‍ ലൈസന്‍സിന് 1000 രൂപ നൽകണം. പൂച്ചക്ക് 100 രൂപയും പൂച്ചകളുടെ ബ്രീഡര്‍ ലൈസന്‍സിന് 500 രൂപയും നൽകണം. വീട്ടില്‍ 10 മൃഗങ്ങളെ മാത്രമേ പരമാവധി വളര്‍ത്താവൂവെന്നും നിയന്ത്രണമുണ്ടാവും. പത്തിലധികം വളർത്താൻ കോർപറേഷന്റെ പ്രത്യേക അനുമതി കിട്ടണം.

Tags:    
News Summary - Pets will be licensed soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.