കോഴിക്കോട്: ഭരണമാറ്റത്തിനു പിന്നാലെ സർവിസ് സംഘടനാനൂകൂലികളെ സർക്കാർ വകുപ്പുകളുടെ കുഞ്ചികസ്ഥാനങ്ങളിൽ നിയമിച്ചു തുടങ്ങി. ജില്ല ഡയറക്ടറേറ്റ്, താലൂക്ക് ഓഫിസുകൾ, ജില്ല കലക്ടറേറ്റ്, ജില്ലതല വകുപ്പ് ഓഫിസുകൾ എന്നിവിടങ്ങളിലെ പ്രധാന ഉദ്യോഗസ്ഥരെ മാറ്റിയാണ് പരിഷ്കരണം ആരംഭിച്ചിരിക്കുന്നത്.
കലക്ടററേറ്റ്, മെഡിക്കൽ കോളജ്, ഡി.ഡി ഓഫിസ് തുടങ്ങി വിവിധ വകുപ്പുകളുടെ മർമപ്രധാന സീറ്റുകളായ എസ്റ്റാബ്ലിഷ്മെന്റ് പോസ്റ്റിലേക്കുൾപ്പെടെയാണ് ഭരണാനുകൂല സംഘടനയായ കെ.ജി.ഒ.എ, എൻ.ജി.ഒ.യു ഭാരവാഹികളെയും പ്രവർത്തകരെയും നിയമിച്ചു തുടങ്ങിയത്. ജില്ല മെഡിക്കൽ ഓഫിസ്, കൃഷി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ട്രഷറി, രജിസ്ട്രാർ ഓഫിസ് എന്നിവിടങ്ങളിലെ എസ്റ്റാബ്ലിഷ്മെന്റ് പോസ്റ്റുകളിലും മാറ്റം വരുത്തി. അടുത്താഴ്ചക്കുള്ളിൽ എല്ലാ പ്രധാന പോസ്റ്റുകളിലും മാറ്റം വരുത്തും. കഴിഞ്ഞ പത്തുവർഷക്കാലമായി ഇടതുപക്ഷ സർവിസ് സംഘടനയായ കെ.ജി.ഒ.യു, എൻ.ജി.ഒ.യു ഭാരവാഹികളെയും പ്രവർത്തകരെയും അപ്രധാനമായ സ്ഥാനങ്ങളിലേക്ക് മാറ്റിയാണ് സർക്കാർ അനൂകൂല സംഘടനകളിലെ അംഗങ്ങളെ നിയമിച്ചു തുടങ്ങിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ രണ്ടാം നാൾ തന്നെ കലക്ടറേറ്റിലെ എ-4, എ-5 വകുപ്പുകളിലെ ജീവനക്കാരെ മാറ്റിയാണ് നടപടികൾ ആരംഭിച്ചത്. ഭരണമില്ലാതെ പത്തു വർഷം മുരടിച്ചുനിന്ന കെ.ജി.ഒ.എ, എൻ.ജി.ഒ.യു സംഘടനകൾക്ക് പുനരുജ്ജീവനം നൽകുന്നതിനാണ് സംഘടനാ നേതാക്കൾ ഇടപെട്ട് മാറ്റം ദ്രുതഗതിയിലാക്കുന്നത്. ഉന്നത പദവികളിലും പ്രധാനപ്പെട്ട സ്ഥാനങ്ങളിലും ഇരിക്കുന്ന നിലവിലെ ഇടതുപക്ഷ സംഘാടന നേതാക്കൾക്ക് വരും ദിവസങ്ങളിൽ സ്ഥാനചലനമുണ്ടാകും.
എതിർ സംഘടനയിലെ ജീവനക്കാർക്കെതിരെ പകപോക്കൽ നടപടികൾ ഉണ്ടാകില്ലെന്നും അടപല സ്ഥാനമാറ്റങ്ങൾ വകുപ്പുകളിലൊന്നും ഉണ്ടാകില്ലെന്നും കെ.ജി.ഒ.എ ജില്ല പ്രസിഡന്റ് കെ.കെ. പ്രമോദ്കുമാർ പറഞ്ഞു. എന്നാൽ, തങ്ങളുടെ അംഗങ്ങളെ രാഷ്ട്രീയത്തിന്റെ പേരിൽ ദ്രോഹിച്ചവർക്കെതിരെ സ്ഥാനമാറ്റവും സ്ഥലമാറ്റവും സംഘടന ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ യൂനിയൻ പ്രവർത്തകർക്കെതിരെ ഒരു പ്രതികാര നടപടിയും സ്വീകരിക്കില്ലെന്നും കെ.കെ. പ്രമോദ് പറഞ്ഞു.
സ്ഥലംമാറ്റവും സ്ഥാനമാറ്റവും ഭയന്ന് എതിർ സംഘടനകളുമായി സഹകരിച്ചുപോന്ന ജില്ലയിലെ റവന്യൂ, കൃഷി വകുപ്പുകളിലെ മിക്ക ജീവനക്കാരും കൂട്ടത്തോടെ അസോസിയേഷനിലേക്ക് ചേക്കേറുകയാണ്. എന്നാൽ, തരാതരംമാറുന്ന, കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്ത ഇവരെ രണ്ടാംകിടക്കാരായാണ് അസോസിയേഷൻ കാണുന്നത്. മെംബർഷിപ് കാമ്പയിൻ നടക്കുന്ന ജനുവരിയിൽ ഇത്തരക്കാർ കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അസോസിയേഷൻ ഭാരവാഹികളായ ഉമശങ്കറും പ്രദീപനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.