വി​ല​ങ്ങാ​ട് - വ​യ​നാ​ട് ചു​ര​മി​ല്ലാ റോ​ഡി​ന്റെ പ്രാ​രം​ഭ സ്ഥ​ലം

കടലാസിലൊതുങ്ങി വിലങ്ങാട്-വയനാട് ബദൽ പാത

നാദാപുരം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനും മുറവിളികൾക്കും ശേഷവും വിലങ്ങാട്-വയനാട് ബദൽ റോഡ് യാഥാർഥ്യമാകാതെ കടലാസിൽ തന്നെ തുടരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ, പദ്ധതിക്കായി വീണ്ടും ജനകീയ കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങുകയാണ്. 1977ൽ കെ. കുഞ്ഞമ്പു വനം മന്ത്രിയായിരുന്ന കാലത്ത് തുടക്കമിട്ട ഈ ബദൽ പാതക്കായുള്ള നീക്കങ്ങൾക്ക് ദശകങ്ങൾ കഴിഞ്ഞിട്ടും ഒരു അടിപോലും മുന്നോട്ടുപോകാനായിട്ടില്ല.

തടസ്സമായി വനനിയമം

വിലങ്ങാട്ടുനിന്ന് നിക്ഷിപ്ത വനഭൂമിയിലൂടെ വെറും എഴു കിലോമീറ്റർ സഞ്ചരിച്ചാൽ വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ഭാഗത്ത് എത്താൻ സാധിക്കും എന്നതാണ് ഈ പാതയുടെ പ്രധാന ആകർഷണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചാൽ മാത്രമേ നിർമാണം സാധ്യമാകൂ.

എന്നാൽ, ഇതിനായുള്ള കാര്യമായ നീക്കം ഇതുവരെ നടന്നിട്ടില്ല. വനഭൂമി നഷ്ടപ്പെടുന്നതിന് പകരമായി വാണിമേൽ പഞ്ചായത്തിൽ അത്രയും ഭൂമി വനംവകുപ്പിന് നൽകേണ്ടതുണ്ട്. എന്നാൽ, ഇതിനാവശ്യമായ ഭൂമി പഞ്ചായത്തിന്റെ പരിധിയിലില്ലെന്നത് വലിയൊരു പ്രതിസന്ധിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വനം മന്ത്രി ഒ.ആർ. കേളു പങ്കെടുത്ത അവലോകന യോഗം വിലങ്ങാട്ട് ചേർന്നിരുന്നു. തുടർന്ന് സർവകക്ഷി നേതൃത്വം തിരുവനന്തപുരത്തെത്തി വിഷയം വനംമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സർവേ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് ലഭിച്ചിരുന്നെങ്കിലും തുടർനടപടി എങ്ങുമെത്തിയില്ല. ഈ പാത യാഥാർഥ്യമായാൽ കുറ്റ്യാടി ചുരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകും. വടകര, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നിന്ന് വയനാട്ടിലേക്കുള്ള ദൂരം ഗണ്യമായി കുറക്കാനും ഇത് സഹായിക്കും.

മന്ത്രിമാർക്ക് നിവേദനം നൽകി യു.ഡി.എഫ് നേതൃത്വം

വിലങ്ങാട്-കുഞ്ഞോം റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് വാണിമേൽ പഞ്ചായത്ത് യു.ഡി.എഫ് നേതൃസംഘം തിരുവനന്തപുരത്തെത്തി വനം മന്ത്രി ഷിബു ബേബി ജോണിനും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനും നിവേദനം നൽകി. കെ.എം. അഭിജിത്ത് എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ വി.കെ. മൂസ, കൺവീനർ എൻ.കെ. മുത്തലിബ്, വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷറഫ് കൊറ്റാല, ഷെബി സെബാസ്റ്റ്യൻ തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

ഈ മാസം 10ന് ജനകീയ കൺവെൻഷൻ

പദ്ധതിക്കായുള്ള സമ്മർദ്ദം ശക്തമാക്കാൻ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വാണിമേലിൽ നാട്ടുകാരുടെ യോഗം ചേർന്ന് താൽക്കാലിക കമ്മിറ്റി രൂപവത്കരിച്ചു. ഇതിന്റെ തുടർച്ചയായി ഈ മാസം 10ന് വിപുലമായ ജനകീയ കൺവൻഷൻ വിളിച്ചുചേർക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - Vilangad-Wayanad alternative route remains on paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.