ബീച്ചിൽ അടച്ചുപൂട്ടിയ അക്വേറിയം
കോഴിക്കോട്: സഞ്ചാരികൾക്ക് കടൽക്കാഴ്ചയുടെ ഹരംപകർന്ന കടപ്പുറത്തെ അക്വേറിയം അടച്ചുപൂട്ടി നാശത്തിന്റെ വക്കിൽ. ഡി.ടി.പി.സി നടത്തിയിരുന്ന അക്വേറിയം പൂട്ടിയിട്ട് ഒരു വർഷത്തിലധികമായി. അടഞ്ഞുകിടക്കുന്ന കെട്ടിടവും പരിസരവും ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറി.കോർപറേഷൻ അധീനതയിലുള്ള അക്വേറിയം നടത്തിപ്പിന് ഡി.ടി.പി.സിയുമായുള്ള കരാർ അവസാനിച്ചിരിക്കുകയാണ്. രണ്ടുവർഷത്തിലധികമുള്ള വാടക ഡി.ടി.പി.സി കോർപറേഷനിലേക്ക് അടക്കാനുണ്ടെന്നാണ് വിവരം.
ഡി.ടി.പി.സിയും കോർപറേഷനും സംയുക്തമായി അക്വേറിയം നടത്തിക്കൊണ്ടുപോവണമെന്ന് കോർപറേഷൻ അധികാരികൾ നിർദേശിച്ചിരുന്നെങ്കിലും ഡി.ടി.പി.സി സഹകരിച്ച് മുന്നോട്ടുവന്നില്ലെന്നും പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കരാർ അവസാനിപ്പിച്ചത്. പിന്നീട് ത്തിപ്പിന് ടെന്‍ഡർ ക്ഷണിച്ചിട്ടില്ല. കെട്ടിടത്തിന്റെ ചുറ്റുമതിൽ തകർന്നനിലയിലാണ്. ഇതിലൂടെയാണ് സാമൂഹിക വിരുദ്ധർ ഉള്ളിൽ കയറുന്നത്.
ഏറെക്കാലമായി ജീർണാവസ്ഥയിലായിരുന്ന അക്വേറിയം 2023ൽ നവീകരിച്ച് വീണ്ടും തുറന്ന് പ്രവർത്തിച്ചിരുന്നു. പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിച്ച കെട്ടിടം മേൽക്കൂരയിൽ ഫൈബർ ഷീറ്റുകൾ സ്ഥാപിച്ചാണ് ചോർച്ച മാറ്റിയത്.മുറ്റത്ത് ടൈലുകൾ പതിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ഇപ്പോൾ കാടുപിടിച്ച് കിടക്കുകയാണ്. ഇരുട്ടിയാൽ ഇവിടെ സാമൂഹിക വിരുദ്ധരുടെ താവളമാണ്. ലയൺസ് പാർക്കിന് സമീപം കടപ്പുറത്ത് 1995 മേയ് 22നാണ് അന്നത്തെ ടൂറിസം മന്ത്രി ആര്യാടൻ മുഹമ്മദ് അക്വേറിയം ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.