വരികൾക്ക് പ്രാണൻ നൽകിയ കോഴിക്കോട്ടുകാരൻ
കോഴിക്കോട്: നടൻ മാമുക്കോയയും അബൂബക്കറും സ്കൂളിൽ ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചത്. കുറ്റിച്ചിറ സ്കൂളിലെ സംഗീതത്തിനുള്ള പിരീഡ് നയിച്ചത് സയൻസ് ടീച്ചറായിരുന്നു. ടീച്ചറുടെ പാട്ടിൽ ബോറടിച്ച് മാമുക്കോയ പറഞ്ഞു ...ടീച്ചറെ ഇന്നിവൻ പാടും. അതു കേട്ട ടീച്ചർക്കും സന്തോഷം.
ലത മങ്കേഷ്കർ പാടിയ ഹിന്ദി ഗാനമാണ് അബൂബക്കർ പാടിയത്. ഈ പാട്ട് ശ്രദ്ധിച്ചുകേട്ടത് ക്ലാസിലെ കുട്ടികളും ടീച്ചറും മാത്രമായിരുന്നില്ല. സ്കൂൾ മതിലിനോട് ചേർന്നുള്ള വീട്ടിൽ താമസിക്കുന്ന പ്രശസ്ത തബലിസ്റ്റ് ഉസ്മാനും ഈ ഗാനം ശ്രദ്ധിച്ചുകേട്ടു. എം.എസ്. ബാബുരാജിന്റെ ആത്മ മിത്രവും പ്രിയ തബലിസ്റ്റുമാണ് ഉസ്മാൻ. അന്നു തന്നെ അബൂബക്കറിനെയും കൂട്ടി ഉസ്മാൻ ബാബുരാജിന്റെ സംഗീത സദസ്സിലെത്തി. അങ്ങനെ ബാബുരാജിന്റെ ഗാനമേളകളിലെ പെൺശബ്ദമായി അബൂബക്കർ മാറി. അന്ന് ഗാനമേളകളിൽ പാടുന്ന സ്ത്രീകൾ കുറവായിരുന്നു. അത് കൊണ്ട് വളർന്നു ശബ്ദം മാറുന്നത് വരെ ബാബുരാജിന്റെ ട്രൂപ്പിലെ പെൺ ശബ്ദത്തിൽ പാടുന്ന ഗായകനായി. പാടാൻ അനുവദിച്ചെങ്കിലും വാദ്യോപകരണങ്ങളിൽ തൊടുന്നതിനൊക്കെ നിയന്ത്രണമുണ്ടായിരുന്നു. ആ വാശിക്ക് പിന്നീട് തബല സ്വയം കൊട്ടിപ്പഠിച്ചു. അതോടെ ഉസ്മാനൊപ്പം അബൂബക്കറും ഗാനമേളകളിൽ തബലിസ്റ്റായി. ഹാർമോണിയവും തന്റെ വരുതിയിലാക്കി. ബാബുരാജിന്റെ ട്രൂപ്പ് കൂടാതെ ഹട്ടൻസ്, സുകുമാരൻസ്, ബ്രദേഴ്സ് തുടങ്ങിയ ട്രൂപ്പുകളിലും അബൂബക്കർ തബലിസ്റ്റായിരുന്നു.
ആറ്റുനോറ്റ് കാത്തിരുന്ന് ലഭിച്ച മകൻ ഇസ്മായിലിനെ ദൈവകൽപന കേട്ട് ബലി നൽകാൻ തയാറായ ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധതയെ അങ്ങേയറ്റത്തെ വികാരവായ്പുകളോടെ അവതരിപ്പിച്ച പാട്ടാണ് ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പ എന്ന് തുടങ്ങുന്ന ഗാനം . ഈ ഗാനത്തിന് അനുപമമായ ഈണം നൽകിയതും കോഴിക്കോട് അബൂബക്കർ എന്ന കലാകാരനായിരുന്നു. കെ.ടി. മുഹമ്മദിനൊപ്പം നാടകങ്ങളിലും അദ്ദേഹം വേഷങ്ങൾ ചെയ്തു. ഉമ്മ നിസ്കാരപ്പായയിലിരുന്ന് പാടിയ ബെയ്ത്തുകൾ കേട്ടാണ് മകനിലെ സംഗീതവാസന ഉണർന്നത്. അത് പിന്നീട് കാലാന്തരങ്ങൾ കടന്നുപോയ ഈണങ്ങളുടെ കുളിൽ കാറ്റായി വീശുകയായിരുന്നു. വരികളുടെ ആത്മാവിൽ കയറിപ്പിടിച്ച് പാട്ടിന് അനശ്വരമായ പ്രാണൻ നൽകുകയാണ് ഈണം നൽകുന്നയാൾ. ഈ മനുഷ്യൻ ആ നിലക്ക് അത്യപൂർവ പ്രതിഭയായിരുന്നു. എന്നാൽ, അർഹിക്കുന്ന അംഗീകാരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. പക്ഷെ, ഓർമകളിൽ ആദരമായി അദ്ദേഹത്തിന്റെ ഈണങ്ങൾ കാലാതീതമായി വർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.