കോഴിക്കോട്: കായിക പ്രേമികളുടെ നഗരമായിട്ടും കോഴിക്കോട്ട് അന്താരാഷ്ട്ര നിലവാരമുള്ള കളിസ്ഥലങ്ങളുണ്ടാവുകയെന്ന സ്വപ്നം അകന്നുപോവുന്നതിനിടെ നേരത്തേ പ്രഖ്യാപിച്ച കളിസ്ഥലങ്ങളിൽ ഒന്നുകൂടി നഷ്ടമാവുന്നു. ചേവായൂർ ത്വക് രോഗാശുപത്രിയുടെ വളപ്പിൽ നാഷനൽ ഗെയിംസ് ഇൻഡോർ സ്റ്റേഡിയം പണിയാനുള്ള പദ്ധതിയാണ് ഇല്ലാതാവുന്നത്. ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ നിന്ന് അഞ്ച് ഏക്കർ സ്ഥലം ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിന് കായിക വകുപ്പിന് കൈമാറിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാനാണ് തീരുമാനം.
ഇന്റർനാഷനൽ ഓർഗൻ ട്രാൻസ് പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ഈ സ്ഥലം ഉപയോഗിക്കാനാണ് പുതിയ തീരുമാനം. പുതിയ കളിസ്ഥലമുണ്ടാക്കാൻ ഏറ്റവും വലിയ തടസ്സം കോഴിക്കോട്ട് സ്ഥലം കിട്ടാനില്ല എന്നതാണ്. അതിനിടെയാണ് ഏറ്റെടുക്കാൻ തീരുമാനിച്ച സ്ഥലങ്ങൾ തന്നെ നഷ്ടമാവുന്നത്. സ്ഥലം കിട്ടാത്തതാണ് നഗരത്തിലെ പ്രശ്നമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സ്റ്റേഡിയം പണിയാൻ 50 കോടി രൂപ ലഭ്യമാണെന്നും സ്ഥലം കിട്ടിയാൽ ക്രിക്കറ്റിനടക്കം ഉപയോഗിക്കാവുന്ന മൾട്ടിപർപ്പസ് സ്റ്റേഡിയം പണിയാനാവുമെന്നുമാണ് മന്ത്രി പറഞ്ഞത്. കോർപറേഷൻ സ്റ്റേഡിയത്തിൽ ഇനിയൊരു വികസനം സാധ്യമാവാത്ത സ്ഥിതിക്ക് കോഴിക്കോട്ട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്താൻ ധാരണയായെങ്കിലും നടപടിയൊന്നുമായിട്ടില്ല.
നഗരത്തിൽ മൂന്ന് വലിയ കളിസ്ഥലങ്ങളും നാല് സ്റ്റേഡിയങ്ങളുമുണ്ടെന്നാണ് കോർപറേഷന്റെ കണക്ക്. വേങ്ങേരി നെല്ലിക്കോട് ഗ്രൗണ്ട് വികസനത്തിനായി കോർപറേഷൻ ഒരുകോടി നീക്കിവെച്ചിരുന്നു. ഭട്ട് റോഡ്, കോട്ടൂളി, ഉമ്മളത്തൂർ, പയ്യാനക്കൽ, പള്ളിക്കണ്ടി എന്നിവിടങ്ങളിൽ കളിസ്ഥലത്തിന് സ്ഥലമേറ്റെടുക്കാൻ പദ്ധതിയുണ്ട്. ഇപ്പോഴുള്ള കിണാശ്ശേരി, മാങ്കാവ്, കണ്ണാടിക്കുളം, ബേപ്പൂർ, പൂളാടിക്കുന്ന്, പെരുന്തുരുത്തി കളിക്കളങ്ങൾ വികസിപ്പിക്കാൻ വിശദ പദ്ധതി രേഖ തയാറാക്കാനും തീരുമാനമുണ്ട്. വലിയ മൈതാനമുള്ള കല്ലായി ഗവ. ഗണപത് സ്കൂളിന് പദ്ധതി രേഖ തയാറാക്കാനും തീരുമാനമായി. നഗരസഭയിൽ ഓരോ വാർഡിലും ഓരോ കളിസ്ഥലങ്ങൾ എന്ന ലക്ഷ്യമിട്ടിരുന്നെങ്കിലും സ്ഥലമില്ലായ്മതന്നെയാണ് പ്രശ്നം. സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സ്ഥലം കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്.
കോർപറേഷന്റെ പൊറ്റമ്മൽ ഗ്രൗണ്ട് നിർമാണം ഇപ്പോഴും സ്ഥലമേറ്റെടുത്തിടത്ത് തന്നെ നിൽക്കുന്നു. 50 ലക്ഷം രൂപ വകയിരുത്തിയ നഗരസഭ മുഴുവൻ സ്ഥലവുമേറ്റെടുക്കാൻ നടപടി തുടങ്ങിയിരുന്നെങ്കിലും മുന്നോട്ടുപോയില്ല. മുമ്പ് വിശാലമായ വയലായിരുന്ന ഇവിടെ ഫുട്ബാൾ ടൂർണമെന്റുകളടക്കം നടക്കാറുണ്ടായിരുന്നു. രണ്ടേക്കറിലേറെയുള്ള ഗ്രണ്ടിന് കുറച്ച് സ്ഥലം മാത്രമേ ഇപ്പോൾ നഗരസഭക്ക് ഏറ്റെടുക്കാനായുള്ളൂ. ഈ ഭാഗത്ത് കോർപറേഷൻ സ്ഥലമെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. 1.34 ഏക്കർ സ്ഥലമാണ് നഗരസഭ ഏറ്റെടുത്തതായി മുമ്പ് പ്രഖ്യാപിച്ചിരുന്നത്. 1995 ൽ ആരംഭിച്ച മൈതാനം പണിയാനുള്ള നടപടികളാണ് അനന്തമായി ഇഴയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.