അറസ്റ്റിലായ പ്രതികൾ
വടകര: മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ അറസ്റ്റിലായത് അധ്യാപകനായ സി.പി.എം നേതാവ് ഉൾപ്പെടെ രണ്ടുപേർ. തോടന്നൂർ സ്വദേശി മന്ദത്ത്കാവ് യു.പി സ്കൂൾ അധ്യാപകനും തിരുവള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ തിരുവള്ളൂർ മേഖല സെക്രട്ടറിയുമായ മനക്കൽ മീത്തൽ മിഥുൻലാൽ (29), ആലോള്ളതിൽ രൂപേഷ് (34) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 27ന് കെ.എസ്.യു കോഴിക്കോട് ജില്ല സെക്രട്ടറി ബിഥുൽ ബാലന്റെ തോടന്നൂരിലെ വീടിന് നേരെയാണ് പുലർച്ചെ രണ്ടരമണിയോടെ പ്രതികൾ ബോംബെറിഞ്ഞത്. മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.
വീടിന്റെ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന അക്രമികളുടെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിരുന്നു. സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. വീട്ടിന് നേരെയുണ്ടായ ബോംബേറിൽ ജനൽചില്ലുകൾ തകരുകയും ചുവരിന് കേടുപാട് സംഭവിക്കുകയുമുണ്ടായി. അക്രമം നടക്കുമ്പോൾ ബിഥുലിന്റെ പിതാവ് ബാലനും അമ്മ തങ്കമണിയുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെടുകയുണ്ടായി. വീട്ടിന് നേരെ നടന്ന ആക്രമണത്തിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. സംഭവത്തിൽ കുടുംബം രൂക്ഷമായ സൈബർ ആക്രമണത്തിനും വിധേയമായിരുന്നു. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.