കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസുകളിലെ റോയ് തോമസ് വധക്കേസിൽ 252ാം സാക്ഷി ഭാരതി എയർടെൽ കേരള സർക്കിൾ നോഡൽ ഓഫിസർ കെ. വാസുദേവൻ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ലുക്മാൻ എന്നിവരുടെ വിസ്താരം മാറാട് പ്രത്യേക കോടതി ജഡ്ജി കെ. സുരേഷ് കുമാർ മുമ്പാകെ പൂർത്തിയായി. എയർടെൽ കമ്പനിയുടെ കണക്ഷനുള്ള മൂന്നാംപ്രതി പ്രജികുമാറിന്റെ മൊബൈൽ ഫോണിൽനിന്ന് ജോളി അറസ്റ്റ് ചെയ്യപ്പെടുന്ന തീയതി വരെ പുറത്തേക്കും തിരികെയുമുള്ള ഫോൺകാൾ വിശദാംശങ്ങളാണ് സാക്ഷി വാസുദേവൻ കോടതിയിൽ മൊഴി നൽകിയത്.
രണ്ടാം പ്രതിക്കുവേണ്ടി അഡ്വ. എം. ഷഫീർ സിങ്, മൂന്നാം പ്രതിക്കുവേണ്ടി അഡ്വ. കെ. രാജേഷ് കുമാർ എന്നിവർ സാക്ഷിയെ എതിർവിസ്താരം ചെയ്തു. ഭാരതി എയർടെൽ മൊബൈൽ കമ്പനിയുടെ സെർവർ അക്കാലത്ത് ബംഗളൂരുവിലായിരുന്നുവെന്നും ഓരോ കാളിന്റെയും വിശദാംശങ്ങൾ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തപ്പെടുന്നതാണെന്നും എതിർവിസ്താരത്തിൽ വാസുദേവൻ മൊഴി നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീ. സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. ഒന്നാംപ്രതി ജോളി, രണ്ടാംപ്രതി എം.എസ്. മാത്യു, നാലാം പ്രതി മനോജ് എന്നിവരുടെ കാൾ വിശദാംശങ്ങൾ തെളിയിക്കുന്നതിനായി വോഡഫോൺ, ജിയോ, ബി.എസ്.എൻ.എൽ കമ്പനികളുടെ നോഡൽ ഓഫിസർമാരെ ഈ മാസം 26ന് വിസ്തരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.