കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പ്രതിസന്ധിയിലേക്ക്. പി.ജി ഡോക്ടർമാർ നടത്തുന്ന സമരം ശക്തമാവുന്നതിനിടെ സീനിയർ റസിഡൻറ് ഡോക്ടർമാരും ഹൗസ് സർജൻമാരും കൂടി ജോലി ബഹിഷ്കരണത്തിലേക്ക് കടക്കുകയാണ്. സീനിയർ റസിഡൻറ് ഡോക്ടർമാർ ബുധനാഴ്ച മുതൽ സമരത്തിനിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ഹൗസ് സർജൻമാരുടെ തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാവും.
പി.ജി ഡോക്ടർമാർ സമരത്തിലായതോടെ ജോലിഭാരം കൂടുന്നതിലാണ് മറ്റ് ഡോക്ടർമാരും പണിമുടക്കുന്നത്. കൂടാതെ അത്യാഹിത വിഭാഗം, കോവിഡ് വിഭാഗം, ഐ.സി.യു എന്നിവ കൂടി ബുധനാഴ്ച മുതൽ ബഹിഷ്കരിക്കാൻ മെഡിക്കൽ പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ചാപ്റ്റർ തീരുമാനിച്ചു. തീരുമാനം പ്രിൻസിപ്പലിനെ രേഖാമൂലം ഡോക്ടർമാർ അറിയിച്ചു. നിലവിൽ ഒ.പികൾ, ഓപറേഷൻ തിയറ്റർ, വാർഡ് എന്നിവയാണ് ഡോക്ടർമാർ ബഹിഷ്കരിക്കുന്നത്. അത്യാഹിത വിഭാഗങ്ങൾ കൂടി ബഹിഷ്കരിക്കുന്നതോടെ സ്ഥിതി ഗുരുതരമാവും. പി.ജി ഡോക്ടർമാർ, ഹൗസ് സർജൻമാർ, സീനിയർ റസിഡൻറ് ഡോക്ടർമാർ എന്നിവർ ജോലി ബഹിഷ്കരിക്കുന്നതോടെ മുതിർന്ന ഡോക്ടർമാർ മാത്രമേ പിന്നീട് ജോലിക്കുണ്ടാവൂ. ഇത് വലിയ പ്രത്യാഘാതമാവും സൃഷ്ടിക്കുക. ഹൗസ് സർജൻമാർ ജോലിക്കെത്തിയില്ലെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക വാർഡുകളെയാവും.
തീയതികൾ ഉറപ്പിച്ച പല ഓപറേഷനുകളും ആറ് ദിവസമായി മുടങ്ങുന്നു. അടിയന്തരമായി ചെയ്യേണ്ട ഓപറേഷനുകൾ മാത്രമാണ് നടക്കുന്നത്. ഒ.പികളിൽനിന്ന് നേരിട്ട് വാർഡുകളിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യാതെയായി. അത്യാഹിത വിഭാഗത്തിൽനിന്ന് മാത്രമാണ് വാർഡുകളിലേക്ക് പൂർണമായി അഡ്മിഷൻ നടക്കുന്നത്. ജില്ലക്ക് പുറത്തുനിന്ന് എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വാർഡുകളിൽനിന്ന് ഗുരുതര രോഗമില്ലാത്തവരെ ഡോക്ടർമാർതന്നെ ഡിസ്ചാർജ് കൊടുത്ത് പറഞ്ഞയക്കുന്നുണ്ട്.
പ്രതിഷേധം ശക്തമാക്കുന്നതിെൻറ ഭാഗമായി മെഡിക്കൽ കോളജിന് മുന്നിൽ തിങ്കളാഴ്ച രാവിലെ ഡോക്ടർമാർ സമരപ്പന്തൽ കെട്ടി. വൈകീട്ട് മെഴുകുതിരി തെളിയിച്ച് പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. സമരം ചൊവ്വാഴ്ച ഏഴാം ദിവസത്തിലേക്ക് കടക്കും. പുതിയ ബാച്ചിെൻറ കൗൺസലിങ് നീണ്ടുപോകുന്നതോടെ ഡോക്ടർമാരുടെ കുറവ് ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലും ആറു മാസത്തിലേറെയായിട്ടും പരീക്ഷകൾ നടക്കാത്തതിലും പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷന് കീഴിൽ രാജ്യത്തൊട്ടാകെ മെഡിക്കൽ പി.ജി ഡോക്ടർമാർ സമരത്തിലാണ്.
ചികിത്സ മുടങ്ങാൻ അനുവദിക്കില്ല- വി.ആർ. രാജേന്ദ്രൻ (മെഡിക്കൽ കോളജ് പ്രിൻസിപ്പൽ)
ആശുപത്രി പ്രവർത്തനത്തിൽ ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ, ചികിത്സ മുടങ്ങുന്ന സാഹചര്യം ഉണ്ടാവാൻ അനുവദിക്കില്ല. ജോലിക്കെത്തുന്ന മുതിർന്ന ഡോക്ടർമാരെ വെച്ച് എല്ലാവിഭാഗവും മുന്നോട്ടുകൊണ്ടുപോവാനുള്ള ശ്രമം ഉണ്ടാവും. സമരത്തിെൻറ സാഹചര്യത്തിൽ ആശുപത്രിയിലെ സ്ഥിതി ഓരോ ദിവസവും ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനെ അറിയിക്കുന്നുണ്ട്. സമരം ഉള്ളതിനാൽ ആശുപത്രിയിലേക്കെത്തുന്ന രോഗികളുടെ എണ്ണം കുറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.