വേങ്ങേരി ജങ്ഷനിൽ ദേശീയപാതക്ക് കുറുകെ പകുതി പണിതീർത്ത പാലം
കോഴിക്കോട്: വേങ്ങേരി ജങ്ഷനിൽ ദേശീയപാതക്ക് കുറുകെയുള്ള പാലം പണി നീളുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാരും വ്യാപാരികളും കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലെ സ്വകാര്യ ബസുടമകളും തൊഴിലാളികളും സമരത്തിന്.
പലതവണ ശ്രദ്ധയിൽപെടുത്തിയിട്ടും അധികൃതർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് ജൂൺ മൂന്നുമുതൽ ബസുകൾ അനിശ്ചിത കാലത്തേക്ക് നിർത്തിയിടുമെന്ന് കോഴിക്കോട് ജില്ല ബസ് ഓപറേറ്റേഴ്സ് അസാസിയേഷൻ സെക്രട്ടറി എം. തുളസീദാസ് അറിയിച്ചു. മേയ് 21ന് സി.പി.എം വേങ്ങേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഓഫിസ് ഉപരോധിക്കും.
വ്യാപാരികളുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി മേയ് 18ന് മാർച്ചും ഉപരോധവും സംഘടിപ്പിക്കും. 16 മാസത്തോളമായി യാത്രാദുരിതം തുടരുന്നു. ബാലുശ്ശേരി, നരിക്കുനി, പട്ടർ പാലം, ചെറുകുളം, ചെലപ്രം, പയിമ്പ്ര തുടങ്ങി വിവിധ റൂട്ടിൽ 150 ഓളം ബസുകളാണ് ഇതുവഴി ഓടുന്നത്.
ജില്ല കലക്ടറടക്കം അധികൃതർക്ക് പലതവണ പരാതി നൽകിയതാണ്. ചെറിയ റോഡിലൂടെ വാഹനങ്ങൾ കടന്നുപോവുമ്പോൾ വൻ ഗതാഗതക്കുരുക്കാണ്. പാലം നിർമാണ കാലാവധി പലതവണ മാറ്റി. രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവായിട്ടും നിർമാണ പ്രവൃത്തി ഏറ്റെടുത്തവരുടെയും ഉദ്യോഗസ്ഥരുടെയും അലംഭാവംമൂലം നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ രംഗത്തിറങ്ങുന്നത്.
കഴിഞ്ഞവർഷം മുതൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടുന്ന യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് കണക്കില്ല. ഗതാഗതക്കുരുക്കുമൂലം മണിക്കൂറുകളാണ് ജനം പെരുവഴിയിൽ കിടക്കുന്നത്. പൊതു വികസനത്തിന്റെ ഭാഗമായി കരുതി ജനങ്ങൾ ക്ഷമിച്ച് കാത്തിരിക്കുന്നത് കരാറുകാരും ഉദ്യോഗസ്ഥരും ചൂഷണം ചെയ്യുകയാണെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.