സൽമാൻ ഫാരിസ്, സൗരവ് ശിഖ്ദർ, ദീപക് കുമാർ, വാഷു
കോഴിക്കോട്: നഗരത്തിൽ വൻ ലഹരി വേട്ട. രണ്ടിടങ്ങളിൽ നിന്നായി 25 കിലോയോളം കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ. ഉത്തർപ്രദേശ് സദേശികളായ ദീപക് കുമാർ (31) വാഷു (34) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്.ഐ എം. അഭിലാഷിന്റെ നേതൃത്വത്തിലുള്ള വെള്ളയിൽ പൊലീസും ചേർന്ന് പണിക്കർ റോഡിലെ വാടക വീട്ടിൽനിന്നും 22.264 കിലോ കഞ്ചാവുമായി പിടികൂടിയത്.
നടക്കാവ് പണിക്കർ റോഡ് കൊന്നേന്നാട്ട് ശ്രീഗണപതി ക്ഷേത്രം കവാടത്തിനടുത്ത് വെച്ചാണ് പുതിയങ്ങാടി സ്വദേശി നീലംകുയിൽത്താഴം ഫൗമിനി ഫാത്തിമ ഹൗസിൽ സൽമാൻ ഫാരിസ് (21) കൊൽക്കത്ത സ്വദേശി നേതാജിപൗളി സൗരവ് ശിഖ്ദർ (29) എന്നിവരെ 2.420 കിലോ കഞ്ചാവുമായി എൻ. ലീലയുടെ നേതൃത്വത്തിലെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് ഭാഗത്തുള്ള ചിക്കൻ സ്റ്റാൾ ഉടമയുടെ മകനാണ് സൽമാൻ.
ആവശ്യക്കാർ വാട്സ്ആപിൽ ബന്ധപ്പെട്ടാൽ ഷോപ്പിന് മുന്നിലേക്ക് വരാൻ പറയും. ചിക്കൻ വാങ്ങാൻ എന്ന രീതിയിൽ ബൈക്കിലും കാറിലും എത്തുന്നവർക്ക് പണം വാങ്ങിയ ശേഷം ചിക്കനെന്ന വ്യാജേന ആർക്കും സംശയം തോന്നാത്ത വിധം കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കിയാണ് വിൽപന നടത്തുന്നത്. വെള്ളയിൽ പിടിയിലായ ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേരും കോഴിക്കോട് ബീച്ചിൽ കടല വിൽപനയും ചായ കച്ചവടം ചെയ്യുന്നവരാണ്.
പണിക്കർ റോഡിൽ വാടകവീട് എടുത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് കൊണ്ടു വന്ന് റൂമിൽ സ്റ്റോക്ക് ചെയ്ത്, ചില്ലറ വിൽപന നടത്താതെ അതിഥി തൊഴിലാളികൾക്ക് കിലോ കണക്കിന് വിപണനം ചെയ്യുന്നതാണ് ഇവരുടെ രീതി. കഞ്ചാവ് വിറ്റ 27,000 രൂപയും ഇവരിൽനിന്ന് കണ്ടെടുത്തു. സൽമാനെയും സൗരവ് ശിഖ്ദറെയും നടക്കാവ് പണിക്കർ റോഡരികിൽ വെച്ചാണ് പിടികൂടുന്നത്. കഞ്ചാവ് വിൽപന നടത്തിയ 61,160 രൂപയും ഇവരിൽനിന്ന് കണ്ടെടുത്തു. രണ്ടിടങ്ങളിൽനിന്നായി പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ പത്ത് ലക്ഷം രൂപ വരും.
ഡാൻസാഫ് ടീമിലെ എസ്.ഐ മാരായ മനോജ് എടയേടത്ത്, കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മുസ്സേൻ വീട്, കെ. അഖിലേഷ്, പി.കെ. സരുൺ കുമാർ, ടി.കെ. തൗഫീഖ്, എം. ഷിനോജ്, പി. അഭിജിത്ത്, ഇ.വി. അതുൽ, കെ.എം. മുഹമദ്ദ് മഷ്ഹൂർ, വെള്ളയിൽ സ്റ്റേഷനിലെ എസ്.ഐ ശ്യാം, എസ്.സി.പി.ഒ രതീഷ്, സ്വപ്നേഷ്, സൻജു നടക്കാവ് സ്റ്റേഷനിലെ എസ്.സി.പി.ഒ ഷിഹാബുദ്ദീൻ, ടി. അബ്ദുൽ സമദ്, അനി ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.