ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ തണ്ടർബോൾട്ടിന്റെ അകമ്പടിയോടെ യാത്ര ചെയ്യുന്നു
കോഴിക്കോട്: ജില്ലയുടെ വനാതിർത്തി പ്രദേശങ്ങളിൽ മാവോവാദി സാന്നിധ്യമേറുന്നു. മുതുകാട്, പശുക്കടവ് തുടങ്ങി നേരത്തേ മാവോവാദികളെത്തിയതിനെ തുടർന്ന് തുടരെ തിരച്ചിൽ നടത്തുന്ന പ്രദേശങ്ങളിലാണ് വീണ്ടും സാന്നിധ്യം. തിങ്കളാഴ്ച ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് മേഖലയിൽ ചെറിയ ഇടവേളക്കുശേഷം വീണ്ടും മാവോവാദി സംഘമെത്തി. വൈകീട്ടോടെ നെല്ലിമല മാത്യു, അഗസ്തി പുതുശ്ശേരി, രതീഷ് അഞ്ചാനിക്കൽ എന്നിവരുടെ വീടുകളിലാണ് ആയുധധാരികളായ ആറംഗ സംഘമെത്തിയത്. അരിയും പച്ചക്കറിയുമടക്കം ഭക്ഷണസാധനങ്ങൾ വാങ്ങി മടങ്ങിയ സംഘം പിന്നീടും പ്രദേശത്തെത്തിയതായി സൂചനയുണ്ട്. സംഭവത്തിൽ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
ഫെബ്രുവരിയിൽ കുറ്റ്യാടി മലയോരത്തെ മരുതോങ്കര പശുക്കടവ് ഭാഗത്തും മാവോവാദികളെത്തിയിരുന്നു. നാലു സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ പാമ്പൻകോട് മലയിലെ രണ്ട് വീടുകളിലെത്തിയത്. മലയിൽ സണ്ണി, എം.സി. അശോകൻ എന്നിവരുടെ വീടുകളിലെത്തിയ സംഘം അരമണിക്കൂറോളം പ്രദേശത്ത് തമ്പടിച്ച് മാവോവാദി പ്രസിദ്ധീകരണമായ 'കാട്ടുതീ'യുടെ അച്ചടിച്ച പതിപ്പുകൾ വിതരണം ചെയ്താണ് മടങ്ങിയത്. അതേസമയം, മാവോവാദി സാന്നിധ്യമുള്ള പ്രദേശങ്ങളിൽ തുടർച്ചയായി ലോക്കൽ പൊലീസ് ഓഫിസർമാർ ഉൾപ്പെട്ട തണ്ടർബോൾട്ട് സംഘത്തിന്റെ പരിശോധന തുടരുന്നുണ്ടെന്നും ആരെയും കണ്ടെത്താനായിട്ടില്ലെന്നും നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബ് പറഞ്ഞു.
മൂന്നുമാസം മുമ്പ് ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട, മുതുകാട് ഭാഗത്തും മാവോവാദി സാന്നിധ്യമുണ്ടായിരുന്നു. മാസങ്ങളായി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ മുഴുവൻ സമയവും തണ്ടർബോൾട്ടിന്റെ സുരക്ഷയിലാണ് യാത്ര ചെയ്യുന്നത്. വനമേഖലയോട് ചേർന്ന പയ്യാനിക്കോട്ടയിലെ ഇദ്ദേഹത്തിന്റെ വീടിനുനേരെ മാവോവാദി ആക്രമണമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അടുത്തിടെ മുതുകാട് ടൗണിലേക്ക് താമസം മാറിയിരുന്നു. കഴിഞ്ഞ ദിവസം ഈ ഭാഗത്താണ് മാവോവാദി സംഘമെത്തിയത്. ഇദ്ദേഹത്തിന്റെ വീടിനും മുഴുസമയവും കാവലേർപ്പെടുത്തിയിരിക്കുകയാണ്.
തിരുവമ്പാടി -കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയായ ആനക്കാംപൊയിൽ മുത്തപ്പൻപുഴയിലും ആറുമാസം മുമ്പ് രണ്ട് മാവോവാദികളെത്തുകയും അങ്ങാടിയിൽ പോസ്റ്ററൊട്ടിക്കുകയും ചെയ്തിരുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് മേഖലയിലും നേരത്തെ മാവോവാദി സാന്നിധ്യമുണ്ട്. റൂറൽ പൊലീസ് പരിധിയിൽ തൊട്ടിൽപാലം, വളയം, പെരുവണ്ണാമൂഴി, തിരുവമ്പാടി പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മാവോവാദി സാന്നിധ്യമേറെയും. വനാതിർത്തികളിലെ വീടുകളിലെത്തി ഭക്ഷണം ആവശ്യപ്പെടുക, മാവോവാദി നോട്ടീസ് വിതരണം ചെയ്യുക, പോസ്റ്റർ പതിക്കുക തുടങ്ങിയവയല്ലാതെ ആക്രമണങ്ങളൊന്നും മാവോവാദികളുടെ ഭാഗത്തുനിന്ന് അടുത്ത കാലത്തുണ്ടായിട്ടില്ല.
കോഴിക്കോട്: ജില്ലയിൽ മാവോവാദികളെത്തിയ പ്രദേശങ്ങളിൽ വിതരണം ചെയ്ത നോട്ടീസിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ രൂക്ഷ വിമർശനം. പശുക്കടവ് ഭാഗത്ത് നേരത്തെ മാവോവാദികൾ വിതരണം ചെയ്ത 'ബെല്ലാരി റെഡ്ഡിയെ ചവിട്ടി പുറത്താക്കുക' എന്ന തലക്കെട്ടോടെയുള്ള 'കാട്ടുതീ'യുടെ അച്ചടിച്ച പതിപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ, സി.ഐ.ടി.യു നേതാവ് എളമരം കരീം എം.പി, മുൻമന്ത്രി കൂടിയായ ടി.പി. രാമകൃഷ്ണൻ എം.എൽ.എ, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ എന്നിവരെ രൂക്ഷ ഭാഷയിൽ വിമർശിക്കുന്നത്. പയ്യാനികോട്ട മലനിരകളെ തകർത്തും പെരുവണ്ണാമൂഴി ഡാം മലിനമാക്കിയും പ്ലാന്റേഷൻ കോർപറേഷൻ ഭൂമി ഖനനത്തിന് വിട്ടുകൊടുത്തും പ്രകൃതി രമണീയവും പരിസ്ഥിതി പ്രാധാന്യവുമുള്ള ചക്കിട്ടപാറ പഞ്ചായത്തിനെ മാഫിയക്ക് നൽകാനുള്ള നീക്കത്തിലാണിവരെന്നാണ് വിമർശനം.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഖനന രാജാവും അമിത് ഷാ-നരേന്ദ്ര മോദി എന്നിവരുടെ ദത്തുപുത്രനുമായ ആളെയാണ് ഇങ്ങോട്ട് വിട്ടിരിക്കുന്നത്. സ്വർണം, വജ്രം, ഇരുമ്പയിര് എന്നിവ കുഴിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. കമീഷൻ വാങ്ങി ഇതിന് ഒത്താശ ചെയ്യുകയാണ് പിണറായി വിജയനും എളമരം കരീമും ടി.പി. രാമകൃഷ്ണനും. ഇവർക്കൊപ്പം കൂട്ടിന് കെ. സുനിലുമുണ്ടെന്നും നോട്ടീസിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.