കോഴിക്കോട്: സിറ്റി, സൗത്ത് മേഖലയിൽ 40 ഓളം റേഷൻ കടകളിൽ ഏപ്രിൽ മാസത്തെ റേഷൻ സാധനങ്ങൾ ഇതുവരെ എത്തിയിട്ടില്ലെന്നും ഇരുപതിനായിരം കുടുംബങ്ങൾക്ക് റേഷൻ ലഭിച്ചിട്ടില്ലെന്നും റേഷൻ വ്യാപാരികൾ. ഇവിടങ്ങളിൽ മാർച്ച് മാസത്തിൽ മിച്ചംവന്ന അരിയെടുത്താണ് മറ്റ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. ബേപ്പൂർ, മാറാട് ചക്കുംകടവ്, മുഖദാർ ബീച്ച് ഉൾപ്പെടെയുള്ള തീരദേശമേഖലകളിലാണ് പ്രധാനമായും റേഷൻ മുടങ്ങിയത്.
സിറ്റി സൗത്ത് റേഷനിങ് ഓഫിസറുടെ പരിധിയിലെ 37 റേഷന്‍ കടകളിലാണ് പൂര്‍ണമായും റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ എത്താതിരിക്കുന്നത്. 47 കടകളില്‍ ഭാഗികമായാണ് സാധനങ്ങള്‍ എത്തിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി അരി എത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, സമയപരിധി കഴിഞ്ഞതിനാൽ ഇതുവരെ റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് ഇത് ഗുണം ചെയ്യില്ല.
ഈ മാസം മൂന്നുവരെയായിരുന്നു മാർച്ച് മാസത്തെ റേഷൻ വാങ്ങാൻ അനുവദിക്കപ്പെട്ട സമയം. എന്നാൽ, ഈ സമയത്തിനകം റേഷൻ കടകളിൽ സാധനം എത്തിയെന്ന് സിവിൽ സപ്ലൈസ് ഉറപ്പുവരുത്തിയില്ലെന്ന് പരാതിയുണ്ട്. ബേപ്പൂരിലെ റേഷൻ ഭക്ഷ്യധാന്യ സംഭരണകേന്ദ്രമായ എൻ.എസ്.എഫ്.എ ഗോഡൗണിലെ ഹെഡ് ലോഡ് വർക്കർമാരുടെ തൊഴിൽ തർക്കം കാരണം ലോഡ് കയറ്റുന്നത് കുറഞ്ഞത് കാരണമാണ് റേഷൻ വിതരണം അവതാളത്തിലായത്.
സമരം കാരണമുള്ള റേഷൻ വിതരണ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂർ മണ്ഡലം എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയായ പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു.
മുഴുവൻ കടകളിലും ഏപ്രിൽ മാസത്തെ റേഷൻ സാധനങ്ങളെത്തിക്കുകയും ഈ മാസത്തെ റേഷനൊപ്പം വിതരണം നടത്താനുള്ള സൗകര്യമൊരുക്കുകയും വേണമെന്ന് ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ഇ. ശ്രീജൻ, ജനറൽ സെക്രട്ടറി കെ.പി. അഷ്റഫ് എന്നിവർ ആവശ്യപ്പെട്ടു. റേഷന്‍ വിതരണത്തിലെ സ്തംഭനം ഒഴിവാക്കാൻ ബേപ്പൂര്‍ എൻ.എസ്.എഫ്.എ ഗോഡൗണിലെ തൊഴിലാളി പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.