കോഴിക്കോട്: കെ.പി.സി.സി പുനഃസംഘടനയിൽ മുസ്ലിം ലീഗിന് ആശ്വാസം. പാർട്ടി തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഒരുക്കം തുടങ്ങിയപ്പോൾ കോൺഗ്രസിനകത്തെ അഭിപ്രായ ഭിന്നതകളും തമ്മിൽത്തല്ലും യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുംവിധം വഷളാകുന്നതിൽ നേതാക്കൾക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു.
കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് പാർട്ടി രീതിയല്ലെന്ന് വ്യക്തമാക്കിയപ്പോൾതന്നെ മുന്നണിയെ ബാധിക്കുന്ന വിധം ഭിന്നത വളരുന്നതിൽ ലീഗ് നേതൃത്വം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. മാത്രമല്ല, അനൗപചാരിക കൂടിയാലോചനയിൽ വിഷയം ഹൈകമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.
ഉമ്മൻ ചാണ്ടിയുടെ കാലശേഷം കോൺഗ്രസുമായുള്ള ബന്ധത്തിന്റെ ഊഷ്മളത നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ലീഗ്. കെ. സുധാകരന്റെ കാലത്ത് പരസ്പര ആശയ വിനിമയത്തിൽ വലിയ വിള്ളലുണ്ടായി. സ്വതസിദ്ധമായ സുധാകരന്റെ പ്രകൃതവും പ്രതികരണങ്ങളും ലീഗിന് ഉൾക്കൊള്ളാൻ പ്രയാസമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ കരുതലോടെയായിരുന്നു സുധാകരനുമായുള്ള അടുപ്പം. അതേസമയം, നേതൃമാറ്റം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമായതിനാൽ ലീഗ് ഇടപെട്ടതുമില്ല. ഈ വീർപ്പുമുട്ടലിന് ഇപ്പോൾ ഹൈകമാൻഡ് പരിഹാരമുണ്ടാക്കിയതാണ് ലീഗിന് ലഭിച്ച വലിയ ആശ്വാസം.
സണ്ണി ജോസഫിന്റെ നേതൃത്വവും ഊർജസ്വലരായ രണ്ടാംനിര നേതാക്കളുടെ പിന്തുണയും കോൺഗ്രസിനെന്നപോലെ യു.ഡി.എഫിനും കരുത്ത് പകരുമെന്നാണ് ലീഗിന്റെ പ്രതീക്ഷ. പ്രകടനപരതയില്ലെങ്കിലും സണ്ണി ജോസഫിന്റെ ചടുലമായ മാനേജ്മെന്റ് പാടവം മുന്നണിക്ക് മുതൽക്കൂട്ടാകുമെന്ന് ലീഗ് കരുതുന്നു.
തെരഞ്ഞെടുപ്പിന് തയാറെടുക്കുമ്പോൾ ജോസ് കെ. മാണിയെയും പാർട്ടിയെയും തിരിച്ചുകൊണ്ടുവരുകയെന്ന ദൗത്യം സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ എളുപ്പമാകുമെന്നും ലീഗ് പ്രതീക്ഷിക്കുന്നു. മാണി കുടുംബവുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സഹായവും ഇക്കാര്യത്തിലുണ്ടാകും. ജോസ് കെ. മാണിക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യത ഉറപ്പുള്ള തിരുവമ്പാടി സീറ്റ് ഉൾപ്പെടെ നൽകാനും ലീഗ് തയാറായേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.