കോഴിക്കോട്: കോവിഡിൻെറ രണ്ടാം തരംഗം പടരുന്നതോടെ വാക്സിൻ കുത്തിവെക്കാൻ തിരക്കേറുന്നു. കഴിഞ്ഞ ആഴ്ചവരെ മടിച്ചിരുന്നവരാണ് ഇപ്പോൾ വാക്സിൻ ക്യാമ്പുകൾ അന്വേഷിച്ച് നടക്കുന്നത്. കോവിഡ് ജില്ലയിൽ വ്യാപിക്കുകയാണ്. കോവിഷീൽഡും കോവാക്സിനും കുത്തിവെപ്പിന് ഇതുവരെയുള്ള ലക്ഷ്യം ജില്ല കൈവരിച്ചതായി ഡി.എം.ഒ (ആരോഗ്യം) ചുമതല വഹിക്കുന്ന ഡോ. പിയൂഷ് നമ്പൂതിരിപ്പാട് പറഞ്ഞു. നിലവിൽ വാക്സിന് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച അർധരാത്രി വരെ 4,18,299 പേർക്കാണ് ജില്ലയിൽ ആകെ വാക്സിൻ നൽകിയത്. 3,69,412 പേർക്ക് ആദ്യ ഡോസും 48,887 പേർക്ക് രണ്ടാം ഡോസും കുത്തിവെച്ചു. 90 സർക്കാർ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളടക്കമുള്ള സ്ഥലങ്ങളിലും കുത്തിവെപ്പിന് സൗകര്യമുണ്ട്. 47,984 ആരോഗ്യപ്രവർത്തകർ ആദ്യ ഡോസ് സ്വീകരിച്ചു. ലക്ഷമിട്ടതിൻെറ നൂറു ശതമാനമാണിത്. 28,097 ആരോഗ്യപ്രവർത്തകർക്ക് രണ്ടാം ഡോസും കുത്തിവെച്ചു. ആകെയുള്ളതിൻെറ 69 ശതമാനമാണിത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരല്ലാത്ത മുൻനിര ജോലിക്കാർക്കും ആദ്യ ഡോസ് നൂറു ശതമാനം കുത്തിവെപ്പ് നടത്തി. 30,381 തെരഞ്ഞെടുപ്പ് ഉദ്യേഗസ്ഥർക്ക് ആദ്യ ഡോസ് നൽകി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരല്ലാത്ത മുൻനിര ജോലിക്കാരിൽ ലക്ഷ്യമിട്ട 10,189 പേർ ആദ്യ ഡോസും ഇവരിൽപ്പെടുന്ന 7,501 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 45-60 പ്രായമുള്ളവരിൽ 29 ശതമാനം േപർക്ക് മാത്രമാണ് ജില്ലയിൽ ആദ്യ ഡോസ് െകാടുത്തത്. 9,84,753 പേർക്ക് കുത്തിവെക്കുകയാണ് ആണ് ലക്ഷ്യം. നിലവിൽ 2,80,858 പേരാണ് കുത്തിവെപ്പെടുത്തത്. ഇതേ വിഭാഗത്തിൽ ജില്ലയിൽ രണ്ടാം ഡോസ് എടുത്തത് 13 ശതമാനമാണ്. 62,220 ഡോസ് വാക്സിൻ ജില്ലയിൽ സ്റ്റോക്കുണ്ട്. 56,220 ഡോസും കോവിഷീൽഡാണ്. പരമാവധി പേർ വാക്സിനെടുക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. കുത്തിവെപ്പ് എടുത്ത ശേഷം ശാരീരികമായ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് അനുഭവസ്ഥരും പറയുന്നു. വാക്സിൻ സ്വീകരിച്ച ശേഷം രോഗം വന്നാലും തീവ്രത കുറയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ന്യുമോണിയ അടക്കമുള്ള കോവിഡ് അനുബന്ധ രോഗങ്ങൾക്കും കുറവുണ്ടാകും. അതേസമയം, കുത്തിവെപ്പ് എടുത്തവർ മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. കുത്തിവെപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 1056, 0471- 2552056, 7594001442 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ചാൽ മറുപടി ലഭിക്കും. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.