കോഴിക്കോട്: അത്യാസന്നനിലയിലായ രോഗികൾക്ക് അത്യാവശ്യമായ ഐ.വി ഫ്ലൂയിഡ്, ഓക്സിജൻ മാസ്ക്, നെബുലൈസേഷൻ മാസ്ക് എന്നിവ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കിട്ടാക്കനി. അത്യാസന്നനിലയിൽനിന്ന് രോഗിയെ രക്ഷിക്കാനുള്ള ആദ്യ പടികളാണ് ഇവ. എന്നാൽ, ദിവസേന 3000ത്തിലധികം രോഗികൾ എത്തുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവക്ക് ക്ഷാമം തുടങ്ങിയിട്ട് മാസങ്ങളായി.
ഓക്സിജൻ മാസ്കും നെബുലൈസേഷൻ മാസ്കും രോഗികൾ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. ഐ.വി ഫ്ലൂയിഡ് ഭാഗ്യമുണ്ടെങ്കിൽ കിട്ടും. മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) ആണ് ഐ.വി ഫ്ലൂയിഡ് വിതരണം ചെയ്യുന്നത്. ഈ സാമ്പത്തിക വർഷത്തേക്ക് ഒമ്പതു ലക്ഷം ഐ.വി ഫ്ലൂയിഡിനാണ് മെഡിക്കൽ കോളജ് സ്റ്റോറിൽനിന്ന് അപേക്ഷ നൽകിയിരുന്നത്. ഇതിൽ ഒന്നുപോലും ലഭിച്ചിട്ടില്ലത്രെ. മെഡിക്കൽ കോളജിലേക്കുള്ള ഐ.വി ഫ്ലൂയിഡിന്റെ ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ വിതരണം നിലച്ചിരിക്കുകയാണ്. അതിനാൽ പല വാർഡുകളിലും രോഗികളെക്കൊണ്ട് പുറത്തുനിന്ന് വാങ്ങിപ്പിക്കുകയാണ്.
കുടിശ്ശിക കാരണം മരുന്ന് വിതരണ കമ്പനി കെ.എം.എസ്.സി.എൽ വിതരണം നിർത്തിയതാണ് മെഡിക്കൽ കോളജിൽ ക്ഷാമം നേരിടാൻ കാരണമെന്ന് അറിയുന്നു. നിലവിൽ കെ.എം.എസ്.സി.എൽ ജില്ലയിലെ മറ്റ് ആശുപത്രികളിൽനിന്ന് ശേഖരിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വളരെ പരിമിതമായ അളവിൽ ഐ.വി ഫ്ലൂയിഡ് എത്തിക്കുന്നത്. എങ്കിലും ഭൂരിഭാഗത്തിനും ഐ.വി ഫ്ലൂയിഡ് ലഭിക്കുന്നില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.