കോഴിക്കോട്: മന്ത്രി മാറിയിട്ടും പ്രഖ്യാപനങ്ങൾ നിരവധി വന്നിട്ടും നഗരഹൃദയഭാഗത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനലിന് ശാപമോക്ഷമില്ല. കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിക്കാൻ പുതിയ സമിതിയെ നിയോഗിക്കാനാണ് കെ.ടി.ഡി.എഫ്.സി തീരുമാനം. തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളജിലെ വിദഗ്ധരും പി.ഡബ്ല്യു.ഡി ടെക്നിക്കൽ എൻജിനീയറിങ് വിഭാഗവും ചേർന്ന് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് കെ.ടി.ഡി.എഫ്.സിയുടെ നീക്കം. ഇതിന് ചീഫ് സെക്രട്ടറിയിൽനിന്ന് അനുമതി വാങ്ങിയതായാണ് വിവരം. സമിതി വൈകാതെ കോഴിക്കോട്ടെത്തി ടെർമിനൽ പരിശോധിക്കും.
കഴിഞ്ഞ സെപ്റ്റംബറിൽ കോഴിക്കോട്ടെത്തിയ മന്ത്രി ഗണേഷ് കുമാർ, പി.ഡബ്ല്യു.ഡി ടെക്നിക്കൽ എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘത്തെ അയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ സമിതിയെ നിയോഗിക്കുകയോ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ‘അലിഫ്’ ബിൽഡേഴ്സുതന്നെ അറ്റകുറ്റപ്പണി നടത്തണമെന്നും അതിന് തയാറല്ലെങ്കിൽ കരാറിൽനിന്ന് അവർക്ക് പിന്മാറാമെന്നുമായിരുന്നു മന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഇതെല്ലാം പുകമറയിൽ കിടക്കുന്നതിനിടെയാണ് കെ.ടി.ഡി.എഫ്.സിയുടെ പുതിയ നീക്കം.
ടെർമിനലിന് ബലക്ഷയമുണ്ടെന്നും 95 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്നും മദ്രാസ് ഐ.ഐ.ടി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് 32 കോടി വരുമെന്നും സംഘം കണ്ടെത്തിയിരുന്നു. ഇത്രയും തുക ആര് മുടക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നീളുന്നതിനിടെയാണ് ബലക്ഷയം പരിശോധിക്കുന്നതിന് പുതിയ സമിതിയെ നിയോഗിക്കാൻ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെ.ടി.ഡി.എഫ്.സി) തീരുമാനിച്ചത്. കുറഞ്ഞ ചെലവിൽ ബലപ്പെടുത്താമെന്ന് സമിതി റിപ്പോർട്ട് ലഭിച്ചാൽ കെട്ടിടം പാട്ടത്തിനെടുത്ത ‘അലിഫു’മായി കോടതിക്കു പുറത്ത് ധാരണയിലെത്തി അറ്റകുറ്റപ്പണി നടത്തി കെട്ടിടം വാണിജ്യാവശ്യത്തിന് തുറന്നുകൊടുക്കാമെന്നാണ് കെ.ടി.ഡി.എഫ്.സിയുടെ വിലയിരുത്തൽ.
കെട്ടിടം 30 വർഷത്തേക്ക് അലിഫിന് പാട്ടത്തിന് നൽകി 2021ലാണ് കരാറിൽ ഒപ്പിട്ടത്. ഇതിന് പിന്നാലെ ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐ.ഐ.ടി റിപ്പോർട്ടും പുറത്തുവന്നു. ഇതോടെ കെട്ടിടം ബലപ്പെടുത്തിയ ശേഷം കൈമാറാമെന്ന് കെ.ടി.ഡി.എഫ്.സി അറിയിക്കുകയായിരുന്നു. 2015ല്‍ 75 കോടി രൂപ ചെലവിലാണ് ടെര്‍മിനൽ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
നിർമാണച്ചെലവിന്റെ പകുതി തുക വേണം ബലപ്പെടുത്താൻ. ഈ പണം കണ്ടെത്താൻ കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ഭൂമി കെ.ടി.ഡി.എഫ്.സിക്ക് കൈമാറുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചു. നടപടികൾ വൈകിയതോടെ കെട്ടിടം ബലപ്പെടുത്തി ഉടൻ കൈമാറണമെന്ന് ആവശ്യപ്പെട്ട് അലിഫ് ഹൈകോടതിയെ സമീപിച്ചു. ഇതിനിടെ കെ.ടി.ഡി.എഫ്.സി എം.ഡിയും മന്ത്രിയും മാറി.
കെട്ടിടം നിലവിലെ അവസ്ഥയിൽതന്നെ കൈമാറുന്നു എന്നാണ് ധാരണയെന്നും ബലപ്പെടുത്തൽ പാട്ടത്തിനെടുത്തവരുടെ ഉത്തരവാദിത്തമാണെന്നും സർക്കാർ കോടതിയിലും നിയമസഭയിലും വ്യക്തമാക്കി. കെട്ടിടം എറ്റെടുത്തില്ലെന്നാണ് അലിഫ് അവകാശപ്പെടുന്നതെങ്കിലും താഴെ നിലയിലെ പാർക്കിങ്, ഒന്നാം നിലയിലെ കടകൾ എന്നിവയിൽനിന്നുള്ള വാടക കൈപ്പറ്റുന്നത് അലിഫാണ്. കെ.ടി.ഡി.എഫ്.സിക്കോ കെ.എസ്.ആർ.ടി.സിക്കോ ഇതിൽനിന്ന് ഒന്നും ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.