അഴകുറ്റതുതന്നെയെന്ന് ഭരിക്കുന്നവർ; അഴകിയ ആവർത്തനമെന്ന് എതിർക്കുന്നവർ

കോഴിക്കോട്: 'ഏഴഴകിലേക്ക് എൻ കോഴിക്കോട്' എന്ന തലവാചകവുമായി അഴക് എന്ന പേരിലുള്ള ബൃഹത് പദ്ധതി മൂന്ന് കൊല്ലം കൊണ്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് വ്യാഴാഴ്ച അവതരിപ്പിച്ച കോർപറേഷൻ ബജറ്റിൽ അഴകിയ ആവര്‍ത്തനവും നടക്കാത്ത വാഗ്ദാനങ്ങളും മാത്രമെന്ന് പ്രതിപക്ഷം. മൊത്തം വികസനം മുന്നിൽകാണുന്നതാണ് ബജറ്റെന്ന് ഭരണപക്ഷം. പിന്തുണയും എതിർപ്പും നിറഞ്ഞ ബജറ്റ് ചർച്ച വെള്ളിയാഴ്ച ഏഴ് മണിക്കൂറോളം നീണ്ടു. ശനിയാഴ്ച മേയറുടെയും ഡെപ്യൂട്ടി മേയറുടെയും മറുപടിക്ക് ശേഷം ബജറ്റ് അംഗീകരിക്കുന്ന കാര്യം പരിഗണിക്കും. ബജറ്റ് ചർച്ചകൾക്കിടയിലും കെ -റെയിലിന്റെ നേട്ടകോട്ടങ്ങളിലുള്ള വാദമാണ് സഭയെ ചൂടുപിടിപ്പിച്ചത്. നാട്ടുകാരെ കുടിയൊഴിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഭരണപക്ഷത്തെ ആക്രമിച്ചത്. യാഥാർഥ്യ ബോധവും വിശ്വാസ്യതയുമില്ലാത്ത ബജറ്റിൽ സ്ത്രീ ശാക്തീകരണത്തെപ്പറ്റി പറയുമ്പോൾ പൂട്ടിയ മഹിളമാളാണ് ഓർമവരുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. ചൂട് വെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടിയാവും.

വിനോദ സഞ്ചാരം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീസമത്വം തുടങ്ങിയ രംഗങ്ങളിലെല്ലാം വൻമാറ്റങ്ങളുണ്ടാവാന്‍ പോകുകയാണെന്ന് ഭരണപക്ഷാംഗങ്ങൾ അവകാശപ്പെട്ടു. എന്ത് പ്രതിസന്ധി നേരിട്ടാലും എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് സ്ഥിരംസമിതി അധ്യക്ഷന്‍ പി.സി. രാജന്‍ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് പദ്ധതികള്‍ വിഭാവനം ചെയ്തതെന്ന് ഡോ. എസ്. ജയശ്രീ പറഞ്ഞു. സ്ത്രീകള്‍ക്ക് മുന്തിയ പരിഗണന നല്‍കിയെന്ന് ഒ.പി. ഷിജിനയും സ്‌കൂളുകളുടെ മികവിന് അംഗീകാരം നല്‍കുന്നതിനെ പറ്റി സി. രേഖയും സൂചിപ്പിച്ചു.

പ്രതിപക്ഷം ഭരണത്തുടര്‍ച്ച പേടിച്ചാണ് ആരോപണം ഉന്നയിക്കുന്നതെന്ന് കൃഷ്ണകുമാരി പറഞ്ഞു. വികസനവിരോധികളാണ് കെ -റെയിലിനെ എതിര്‍ക്കുന്നതെന്നും എന്തു തന്നെയായാലും നടപ്പാക്കുമെന്നും പി.കെ. നാസര്‍ പറഞ്ഞു. ചേരിപ്രദേശമുള്ള ആഴ്ചവട്ടം വാര്‍ഡില്‍ മാലിന്യ പ്ലാന്‍റ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട എൻ.സി. മോയിന്‍കുട്ടി കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥര്‍ വികസനത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചു. കോര്‍പറേഷന്‍ പ്രവര്‍ത്തനം സുതാര്യമായിരിക്കണമെന്ന് പി. ഉഷാദേവിയും ബജറ്റ് പുസ്തകത്തിന്റെ പുറംചട്ടയില്‍ മാത്രമെ മാറ്റമുള്ളൂവെന്ന് കെ. നിര്‍മലയും പറഞ്ഞു.

കെ -റെയിലിന്റെ കാര്യത്തില്‍ ആത്മപരിശോധന വേണമെന്ന് കെ. മൊയ്തീന്‍കോയയും എസ്.കെ. അബൂബക്കറും ആവശ്യപ്പെട്ടു. ബജറ്റ് ബാഹുബലി സിനിമ കണ്ടതു പോലെ വെറും ഗ്രാഫിക്സ് മാത്രമെന്ന് എം.സി. സുധാമണി പറഞ്ഞു. മരാമത്ത് ജോലിക്കുള്ള 67 കോടി 82 കോടിയാക്കി ഉയർത്തണമെന്ന ഭേദഗതിയും അവർ നിര്‍ദേശിച്ചു. നഗരത്തില്‍ ഡയാലിസിസ് കേന്ദ്രങ്ങൾ, ഇടിയങ്ങരയിലെ ടി.ബി സെന്റര്‍ തുറക്കുക, വാര്‍ഡുകള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുക തുടങ്ങിയവ ഡോ. പി.എൻ. അജിത ആവശ്യപ്പെട്ടു.

കെ -റെയിലിന്റെ കാര്യത്തില്‍ ധിക്കാരപരമായ നിലപാടുമായി സര്‍ക്കാറിന് ഏറെ മുന്നോട്ടുപോകാനാവില്ലെന്ന് ബി.ജെ.പിയിലെ നവ്യ ഹരിദാസ് പറഞ്ഞു. ബജറ്റ് പ്രസംഗത്തിൽ കേന്ദ്രത്തെ ഇകഴ്ത്തുന്നത് ഒഴിവാക്കണമെന്ന് ടി. റെനീഷ് ആവശ്യപ്പെട്ടു. എന്നാൽ, സംസ്ഥാന സർക്കാറിന്റെ പദ്ധതികൾ ഏറ്റവും മികവോടെ മുന്നോട്ടു നയിക്കുന്നതാണ് കോർപറേഷന്റെ വികസനം വേഗത്തിലാക്കുന്ന ബജറ്റ് നിർദേശങ്ങളെന്ന് ഭരണപക്ഷാംഗങ്ങൾ പറഞ്ഞു. സർവതല സ്പർശിയായ വികസനം ഇത്രമാത്രം പ്രഖ്യാപിക്കുന്ന ബജറ്റ് വേറെയേതുണ്ടെന്ന് എം.പി. ഹമീദും അഡ്വ. സി.എം. ജംഷീറും ചോദിച്ചു.

Tags:    
News Summary - kozhikode corporation budget ldf and opposition clash on azhaku project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.