കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫീസ് ഈടാക്കി പാസ് നൽകി അടുത്ത ബന്ധുക്കൾക്ക് രോഗികളെ സന്ദർശിക്കാൻ അനുവദിക്കുന്ന സംവിധാനം വീണ്ടും വരുന്നു. ആശുപത്രി വികസന സമിതി ഇതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ട്. വൈകീട്ട് നാലു മുതൽ അഞ്ചു വരെയാണ് ഇതു പ്രകാരം സന്ദർശനം അനുവദിക്കുക. ഇതു നടപ്പാക്കാൻ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും എന്നു മുതൽ ആരംഭിക്കണം എന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇതു നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
സന്ദർശനത്തിനു വരുന്നവരുടെ വിലാസം, രോഗിയുമായുള്ള ബന്ധം എന്നിവ പാസ് കൗണ്ടറിൽ രേഖപ്പെടുത്തും. നിശ്ചിത സമയം കഴിഞ്ഞാൽ സന്ദർശകരെ പൂർണമായും ഒഴിവാക്കും. പാസ് സംവിധാനം വരുന്നതോടെ മറ്റു സമയങ്ങളിലെ പ്രവേശനം കർശനമായും നിയന്ത്രിക്കാനും തീരുമാനമുണ്ട്. നിയന്ത്രണമുണ്ടെങ്കിലും നിരവധി പേർ വാർഡുകളിൽ രോഗികളെ സന്ദർശിക്കാൻ എത്തുന്നുണ്ട്.
ഇത് ചികിത്സയെപോലും പ്രതികൂലമായി ബാധിക്കാറുണ്ടെന്നും ആശുപത്രി അധികൃതർതന്നെ വ്യക്തമാക്കുന്നു. കൂട്ടിരിപ്പുകാർക്ക് നൽകുന്ന പാസ് കളർ പ്രിന്റ് എടുത്തും സ്റ്റാഫ് പാസുകൾ ദുരുപയോഗം ചെയ്തും വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയും സന്ദർശകർ ആശുപത്രിയിൽ എത്തുന്നത് സുരക്ഷ ജീവനക്കാർക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ്. ഇത് പലപ്പോഴും വാക് തർക്കത്തിനും ഇടയാക്കാറുണ്ട്. ദൂരസ്ഥലങ്ങളിൽനിന്നുവന്ന് രോഗിയെ സന്ദർശിക്കാൻ കഴിയാതെ തിരിച്ചുപോകുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. ഇത്തരം സാഹചര്യമെല്ലാം പരിഗണിച്ചാണ് രോഗി സന്ദർശനത്തിന് സ്പെഷൽ പാസ് അനുവദിക്കാൻ തീരുമാനിച്ചത്.
നിലവിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ 50 രൂപ ഈടാക്കി സ്പെഷൽ പാസ് അനുവദിക്കുന്നുണ്ട്. ഇതേ മാതൃക കോഴിക്കോട്ടും നടപ്പാക്കാനാണ് ആശുപത്രി വികസന സമിതിയുടെ നീക്കം. മാത്രമല്ല, ഇത് വികസന സമിതിയുടെ വരുമാനം വർധിപ്പിക്കാനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.