കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽ റോയ് തോമസ് വധക്കേസിലെ സാക്ഷിവിസ്താരം ജൂലൈ ഒന്നിന് പുനരാരംഭിക്കും. ഒന്നാം പ്രതിയുടെ അഭിഭാഷകൻ ബി.എ. ആളൂരിന്റെ അസൗകര്യാർഥം മാറ്റിവെച്ച സാക്ഷികളുടെ എതിർവിസ്താരമാണ് ഒന്നാം തീയതി പുനരാരംഭിക്കുക. ജോളിയുടെ സഹോദരന്മാർ, അയൽവാസികൾ, ഫാ. ജോസഫ് എടപ്പാടി തുടങ്ങിയ സാക്ഷികൾക്ക് സമൻസ് അയക്കാൻ മാറാട് പ്രത്യേക സെഷൻസ് കോടതി ജഡ്ജി സി. സുരേഷ് കുമാർ ഉത്തരവായി. പ്രോസിക്യൂഷൻ ഭാഗം വിസ്തരിക്കാനുള്ള ബാക്കി സാക്ഷികളെ ഇപ്പോഴുള്ളവരുടെ എതിർ വിസ്താരം പൂർത്തിയായശേഷം വിസ്തരിക്കും. കൊലപാതക പരമ്പരയിലെ സിലി, അൽഫയിൻ, മഞ്ചാടിയിൽ മാത്യു, ടോം തോമസ് എന്നിവരുടെ കൊലപാതക കേസുകളിലെ രണ്ടാം പ്രതിയായ എം.എസ്. മാത്യു ബോധിപ്പിച്ച വിടുതൽ ഹരജിയിൽ പ്രോസിക്യൂഷൻ ആക്ഷേപം ബോധിപ്പിച്ചു. ഈ കേസുകളും ഒന്നാം തീയതി കോടതി പരിഗണിക്കും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ്, അഡ്വ. സഹീർ അഹമ്മദ് എന്നിവരും പ്രതികൾക്കുവേണ്ടി ബി.എ. ആളൂർ, എം. ഷഹീർ സിങ്, ബിജുഷ് ചന്ത്, പി. കുമാരൻകുട്ടി എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.