ലോക കേരളസഭ നിർത്തിയതിനെതിരെ കെ.എം.സി.സി
കോഴിക്കോട്: ലോകവ്യാപകമായി പ്രവാസി മലയാളികളെ പരസ്പരം ബന്ധിപ്പിക്കുന്ന ആഗോള പ്രവാസി നെറ്റ്‌വർക്ക് സംവിധാനമായ ലോക കേരളസഭക്ക് പകരം ശക്തവും സുതാര്യവും കാര്യക്ഷമവുമായ ബദൽ സംവിധാനം ഏർപ്പെടുത്താതെ ലോക കേരളസഭ ഇല്ലാതാക്കുന്നത് ദോഷം ചെയ്യുമെന്ന് വേൾഡ് കെ.എം.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോക കേരളസഭ നിർത്തിവെക്കാനുള്ള തീരുമാനം ധിറുതിപിടിച്ച് നടപ്പാക്കുന്നതിന് മുമ്പ് പ്രവാസി മലയാളി സമൂഹവുമായി വിശദമായ കൂടിയാലോചന നടത്തണം.
പുതിയ ഭരണകൂടത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുകയല്ലെന്നും ബദൽ സംവിധാനങ്ങളില്ലാതെ ഇല്ലാതാക്കുന്നത് പ്രവാസി സമൂഹത്തിന് ദോഷകരമാകുമെന്ന നിലപാടാണ് കെ.എം.സി.സി മുന്നോട്ടുവെക്കുന്നതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. സാമ്പത്തികബാധ്യതകളും പാളിച്ചകളും ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ ബന്ധിപ്പിക്കുന്ന ഒരു സംവിധാനത്തെ ഒരു ബദൽ വേദിയും ഒരുക്കാതെ അവസാനിപ്പിക്കരുതെന്നാണ് കെ.എം.സി.സിയുടെ അഭിപ്രായം.
പ്രവാസികൾക്ക് കൂടുതൽ പ്രയോജനകരവും കാര്യക്ഷമവും സുതാര്യവുമായ, നിയമപരമായ ഒരു സ്ഥിരം ആഗോള മലയാളി പ്ലാറ്റ്‌ഫോം രൂപപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് പി. മുഹമ്മദ് കുട്ടി, ട്രഷറർ യു.എ. നസീർ, വൈസ് പ്രസിഡന്‍റുമാരായ സി.വി.എം. വാണിമേൽ, അബ്ദുല്ല ഫാറൂഖി, കുഞ്ഞഹമ്മദ് പേരാമ്പ്ര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.