ദക്ഷിണേന്ത്യയിൽ ആദ്യം! കേരള പക്ഷിനിരീക്ഷണ ചരിത്രത്തിൽ പുതിയ അധ്യായമായി ചെമ്പുവാലൻ പൊന്തക്കിളിയെ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ പ്രധാന ജൈവവൈവിധ്യ ഹോട്ട്‌സ്പോട്ടായ കാക്കൂർ എലിയോടുമലയിൽ അപൂർവ ദേശാടനപ്പക്ഷിയായ ചെമ്പുവാലൻ പൊന്തക്കിളി (Rufous-tailed Scrub Robin) കണ്ടെത്തി. കേരളത്തിൽ ഇതാദ്യമായാണ് ഈ പക്ഷിയെ കണ്ടെത്തുന്നത്. ദക്ഷിണേന്ത്യയിൽ തന്നെ ഇത് ആദ്യ റിപ്പോർട്ടാണെന്നതും ഈ കണ്ടെത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
സെപ്റ്റംബർ 25, വെള്ളിയാഴ്ച പതിവുപോലെ പക്ഷിനിരീക്ഷണത്തിനിറങ്ങിയ കോഴിക്കോട്ടെ സ്ഥിരം പക്ഷിനിരീക്ഷകനായ മുഹമ്മദ് റാഫിയാണ് ഈ അപൂർവ പക്ഷിയെ കണ്ട് തിരിച്ചറിഞ്ഞത്. പ്രാണികളും മറ്റ് അകശേരുകികളും ഭക്ഷണമാക്കുന്ന ഈ പക്ഷി, യൂറോപ്പ്, വടക്കേ ആഫ്രിക്ക മുതൽ മധ്യേഷ്യ വരെ പ്രജനനം നടത്തുകയും ശൈത്യകാലത്ത് പൂർണമായും ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുകയും ചെയ്യുന്ന ഇനമാണ്.
സാധാരണയായി ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ മാത്രം (passage migrant) കാണപ്പെടുന്ന ഈ പക്ഷി, മുമ്പ് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ കാണപ്പെടാറുണ്ട്. ആ പക്ഷി തെക്കൻ കേരളത്തിൽ, അതും എലിയോടുമല പോലൊരു പ്രദേശത്ത് എത്തിയത് പക്ഷിനിരീക്ഷകരെ സംബന്ധിച്ച് അസാധാരണവും ആവേശകരവുമായ സംഭവമാണ്.
സ്പോട്ടഡ് ഫ്ലൈക്യാച്ചർ, ഗ്രേറ്റർ വൈറ്റ്ത്രോട്ട്, റെഡ്-ടെയിൽഡ് ഷ്രൈക്ക് തുടങ്ങിയ പക്ഷികളും സമാനമായ ദേശാടന രീതി പിന്തുടരുന്നവയാണ്. ദേശാടനക്കാലം ആരംഭിച്ചുവെന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ കണ്ടെത്തലിനെ പക്ഷിനിരീക്ഷകർ വിലയിരുത്തുന്നത്. വരും ആഴ്ചകളിൽ കൂടുതൽ ദേശാടനപ്പക്ഷികൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. വൈവിധ്യമാർന്ന സസ്യജാലങ്ങളും അനുകൂലമായ ആവാസവ്യവസ്ഥയും ഉള്ളതിനാൽ എലിയോടുമല ദേശാടനപ്പക്ഷികൾക്ക് പ്രിയപ്പെട്ട ഇടത്താവളമായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.