കോ​ഴി​ക്കോ​ട് സി​റ്റി പൊ​ലീ​സ് സം​ഘ​ടി​പ്പി​ച്ച ‘അ​ഭി​ന​ന്ദ​ന ദി​നം’ പ​രി​പാ​ടി

പൊതുജന സഹകരണത്തിന് സിറ്റി പൊലീസിന്റെ ബിഗ് സെല്യൂട്ട്

കോഴിക്കോട്: പൊലീസും പൊതുജനവും കൈകോർത്ത് നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്ക് പതക്കം ചാർത്തി സിറ്റി പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി കോഴിക്കോട് സിറ്റി പോലീസ് ‘അഭിനന്ദന ദിനം’ (അപ്രീസിയേഷൻ ഡേ) സംഘടിപ്പിച്ചത് ശ്രദ്ധേയമായി.

പൊലീസ് ക്ലബിൽ നടന്ന ചടങ്ങിൽ സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. മികച്ച സേവനം, അസാധാരണ ധീരത, മികച്ച കുറ്റാന്വേഷണ മികവ്, മാതൃകാപരമായ പെരുമാറ്റം എന്നിവ കാഴ്ചവെച്ച ഉദ്യോഗസ്ഥരെയും പൊതുസുരക്ഷ ഉറപ്പാക്കുന്നതിലും പൊലീസിനെ സഹായിക്കുന്നതിലും നിർണായക പങ്കുവഹിച്ച സാധാരണ പൗരന്മാരെയുമാണ് അഭിനന്ദിച്ചത്.

കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിയുടെ ജീവൻ രക്ഷിച്ചതിന് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം. സജി, സീനിയർ സിവിൽ പോലീസ് ഓഫിസർ പി. സജീഷ്, ഹോം ഗാർഡ് ധനേഷ് എന്നിവർക്കും കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളെ വീടിനുള്ളിൽ പൂട്ടിയിട്ട് ഗ്യാസ് തുറന്നുവിട്ട് ശരീരത്തിൽ ഡീസൽ ഒഴിച്ച് മക്കളെയും താനും തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആളെ സമയോചിതമായി രക്ഷിച്ചതിന് കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ കെ.പി. അഭിലാഷ് , അസി. സബ് ഇൻസ്പെക്ടർ ടി.എം. സഫിയ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. നൗഫൽ, സിവിൽ പൊലീസ് ഓഫിസർ ടി.പി. ശ്രീജിത്ത് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

കേരള പൊലീസ് സ്‌പോർട്സ് ആൻഡ് അത്‍ലറ്റിക് ഗെയിംസ് മത്സരങ്ങൾ നടത്തുന്നതിന് സജീവപങ്കാളിത്തം നൽകിയ റിട്ട. സബ് ഇൻസ്പെക്ടർ ടി.ജെ. മാത്യു, സബ് ഇൻസ്പെക്ടർ പി. ജയാനന്ദൻ, ടി. മോളി, ഫിസിക്കൽ എജുക്കേഷനിലെ വേണു ജി നായർ, എസ്.എൽ. ബിനു, റംഷാദ്, അശ്വിൻ മേനോൻ, പി.എഫ്. ജയ്സൺ, ജില്ല സ്പോർട്സ് കൗൺസിലിലെ ജിം ട്രെയിനർ അനിൽകുമാർ എന്നിവർക്ക് പ്രശസ്തിപത്രം സമ്മാനിച്ചു. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമീഷണർ പദം സിങ് അധ്യക്ഷത വഹിച്ചു.

അസി. കമീഷണർമാരായ ടി.കെ. അഷ്റഫ്, പി. പ്രമോദ്, എ. പ്രേംജിത്ത്, എൻ. ഗണേഷ് കുമാർ എന്നിവർ ആശംസ നേർന്നു. സിറ്റി അഡീഷനൽ പൊലീസ് സൂപ്രണ്ട് ഇ. സുനിൽകുമാർ സ്വാഗതവും സിറ്റി അക്കൗണ്ട്സ് ഓഫിസർ എ. ഷിബു നന്ദിയും പറഞ്ഞു.

Tags:    
News Summary - City Police Salute Public Cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.