സി.എ.ജി റിപ്പോർട്ട് പുറത്ത്; തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ച
കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയതിൽ ഗുരുതരവീഴ്ചകൾ കണ്ടെത്തി കംട്രോളർ-ഓഡിറ്റർ ജനറൽ. ആസൂത്രണം, സാമ്പത്തിക നിർവഹണം, മേൽനോട്ടം, പരാതി പരിഹാരം എന്നീ മേഖലകളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചെന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സമർപ്പിച്ച കംട്രോളർ-ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്.
2019-20 മുതൽ 2023-24 വരെയുള്ള കാലയളവിലെ നടത്തിപ്പാണ് സി.എ.ജി പരിശോധിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കേന്ദ്ര മാർഗനിർദേശങ്ങൾ അവഗണിച്ചാണ് തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.
തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 77.21 ലക്ഷം കുടുംബങ്ങൾക്ക് തൊഴിൽ നൽകുകയും 18,806.62 കോടി രൂപ ചെലവഴിക്കുകയും ചെയ്തു.
സംസ്ഥാനത്തെ 24 ഗ്രാമപഞ്ചായത്തുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഓരോ പഞ്ചായത്തുകളിലും നടപ്പാക്കിയ 10 പ്രവൃത്തികൾ നേരിട്ട് പരിശോധിച്ചും 10-15 തൊഴിലാളികളെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചുമാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. ഗ്രാമസഭയിൽ നിന്ന് ലഭ്യമായ ആവശ്യത്തിലധികമായി കന്നുകാലി തൊഴുത്ത്, കോഴിക്കൂട് തുടങ്ങിയ വ്യക്തിഗത ആസ്തികളുടെ നിർമാണം എന്നിവയുടെ ടാർഗറ്റ് സംസ്ഥാനം ഗ്രാമപഞ്ചായത്തുകൾക്ക് അധികമായി നിശ്ചയിച്ചു നൽകിയത് പദ്ധതിയുടെ ‘ഡിമാന്റ് അധിഷ്ഠിത’ സ്വഭാവത്തെ ദുർബലപ്പെടുത്തിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ വാർഷികപദ്ധതിയിൽ അധികമായി ഉൾപ്പെടുത്തിയ വ്യക്തിഗത പ്രോജക്ടുകളിൽ 88.73 ശതമാനവും നടപ്പാക്കിയിട്ടില്ല. 2020-21 മുതൽ 2023-24 വരെ തൊഴിൽ ആവശ്യകത 13.77 ശതമാനമായി കുറഞ്ഞു. തൊഴിൽദിനങ്ങളിലും ആറ് ശതമാനത്തിന്റെ ഇടിവുണ്ടായി. അനുമതി ലഭിച്ച പ്രവൃത്തികളിൽ 16 മുതൽ 22 ശതമാനം വരെ ആരംഭിച്ചിട്ടേയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികവിനിയോഗത്തിലും നിരവധി പിഴവുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.
പാലക്കാട് പുതുശ്ശേരി ഗ്രാമപഞ്ചായത്തിലും തിരുവനന്തപുരം കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലും ആട്ടിൻകൂട് നിർമിക്കാനുള്ള ധനസഹായം കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ആടുകളെ വിറ്റ് കടം വീട്ടേണ്ടി വന്ന ദുരവസ്ഥയും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവിതരണത്തിലെ കാലതാമസവും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു. 269.27 കോടി രൂപ16 മുതൽ 90 ദിവസം വരെ വൈകിയാണ് നൽകിയത്; ഇതിൽ 39.24 കോടി രൂപ മൂന്ന് മാസത്തിലധികം വൈകിയാണ് നൽകിയത്. ഇത് 15 ദിവസത്തിനകം വേതനം നൽകണമെന്ന തൊഴിലുറപ്പ് നിയമവ്യവസ്ഥയുടെ ലംഘനമാണ്.
ഭൗതികവും ഡിജിറ്റലുമായ ഹാജർപട്ടികകളിൽ (മസ്റ്റർ റോൾസ്) കൃത്രിമം കാണിച്ച് 6.02 ലക്ഷം രൂപ, യഥാർഥത്തിൽ ജോലി ചെയ്യാത്തവരുടെ പേരിൽ തട്ടിയെടുത്തതായി ഓഡിറ്റ് കണ്ടെത്തി. പരിശോധിച്ച പഞ്ചായത്തുകളിലൊന്നും തന്നെ ഗ്രാമസഭയിൽ മോണിറ്ററിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. തൊഴിലുറപ്പിലെ പരാതി പരിഹാര സംവിധാനവും കാര്യക്ഷമമല്ലെന്ന് റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.