യുവതിക്ക് തെരുവുനായുടെ കടിയേറ്റ സംഭവം; 52,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്
കീഴരിയൂർ: യുവതിയെ തെരുവുനായ കടിച്ചു പരിക്കൽപ്പിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ബാബു അറിയിച്ചു. ഇക്കാര്യത്തിൽ പഞ്ചായത്ത് ബോർഡ് അംഗങ്ങൾ ഐക്യകണ്ഠേന തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. നടുവത്തൂർ കുറുമയിൽ താഴെ റോഡിൽ വെച്ച് 2014 മാർച്ച് മാസത്തിലായിരുന്നു അമൃത പ്രിയ എന്ന് പേരുള്ള യുവതിക്ക് നായയുടെ കടിയേറ്റത്. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.
നഷ്‌ടപരിഹാര തുകയായി 52,000 രൂപ അനുവദിക്കുന്നതിന് ജില്ല ലീഗൽ സർവീസ് സൊസൈറ്റിയുടെ ഉത്തരവ് വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് യോഗം ചർച്ച ചെയ്യുകയും തുക അനുവദിക്കുന്നതിന് തീരുമാനമെടുക്കുകയായിരുന്നു. ഇതോടൊപ്പം തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനായി അവക്ക് ഭക്ഷ്യവസ്തുക്കൾ ലഭിക്കാനുള്ള അവസരം ഒഴിവാക്കാനായി ഭക്ഷ്യമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് നടപടികൾ ഊർജിതമാക്കണമെന്നും, വളർത്തു നായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് ബോർഡ് അറിയിച്ചു.
തെരുവ് നായ ശല്യം ഒഴിവാക്കുന്നതിനായി പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ ഷട്ടറുകൾ സ്ഥാപിക്കും. തെരുവ് പട്ടികളുടെ നിയന്ത്രണത്തിന് സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച സ്ട്രേ ഡോഗ് മാനേജ്മെൻറ് കമ്മിറ്റി വാർഡ് തലങ്ങളിൽ ഉടൻ യോഗങ്ങൾ വിളിക്കുമെന്നും പ്രസിഡന്‍റ് പി.കെ. ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.