ഹയർസെക്കൻഡറി തുല്യതാ പരീക്ഷ; ജില്ലയിൽ 77.5 ശതമാനം വിജയം അതുല്യം ഈ വിജയം

കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാക്ഷരതാ മിഷൻ മുഖേന മുതിർന്ന പഠിതാക്കൾക്കായി നടത്തിയ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ 2026ൽ കോഴിക്കോട് ജില്ലയിൽ 77.5 ശതമാനം വിജയം. പരീക്ഷ എഴുതിയ 710 പേരിൽ 554 പേർ വിജയിച്ചു. വിജയികളിൽ 46 പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും നാലുപേർ ഭിന്നശേഷിക്കാരുമാണ്. ജില്ലയിലെ 17 ഹയർസെക്കൻഡറി സ്കൂളുകളിലായി എല്ലാ ഞായറാഴ്ചകളിലും മുതിർന്ന പഠിതാക്കൾക്ക് ക്ലാസുകൾ നൽകിയിരുന്നു. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലാണ് പഠനം നടത്തിയത്.

ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വിജയികളിൽ കല്ലാച്ചി ജി.എച്ച്.എസ്.എസിൽ പഠിച്ച 73 കാരിയായ ലീല, കൊയിലാണ്ടി ജി.എച്ച്.എസ്.എസിൽ പഠിച്ച അരിക്കുളം സ്വദേശി 73 വയസുകാരനായ അപ്പു നായർ, നീലേശ്വരം ജി.എച്ച്.എസ്.എസിൽ പഠിച്ച 71 വയസുകാരനായ ചന്ദ്രൻ എന്നിവർ ഉൾപ്പെടുന്നു. മൂവരും മികച്ച ഗ്രേഡോടെയാണ് വിജയിച്ചത്. സ്കൂളിൽ പോയി പഠിക്കേണ്ട പ്രായത്തിൽ വിദ്യാഭ്യാസം മുടങ്ങിയിട്ടും ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ഹയർസെക്കൻഡറി തുല്യതാ പഠനം നടത്തി വിജയം നേടിയ മുഴുവൻ പഠിതാക്കളെയും ജില്ലാ സാക്ഷരതാ മിഷൻ ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ മില്ലി മോഹനും ജില്ലാ സാക്ഷരതാ മിഷൻ കോഓഡിനേറ്റർ പി.എൻ. ബാബുവും അഭിനന്ദിച്ചു.

വിജയികൾക്കുള്ള ജില്ലാതല അനുമോദന ചടങ്ങ് സെപ്റ്റംബർ 30ന് രാവിലെ 10ന് കോഴിക്കോട് ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കും. തുടർന്ന് വിജയികൾക്ക് ഡിഗ്രി ഉൾപ്പെടെയുള്ള തുടർ പഠനത്തിനായി ശ്രീനാരായണ ഓപൺ സർവകലാശാലയുടെ നേതൃത്വത്തിൽ തുടർപഠന ക്ലാസുകളും സംഘടിപ്പിക്കും.

Tags:    
News Summary - Higher Secondary Equivalency Exam: Kozhikode Achieves 77.5% Pass Rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.