പേരാമ്പ്ര: കായണ്ണയുടെ ചരിത്രത്തിൽ ഇന്നുവരെ ഇടതിന് ഭരണം നഷ്ടമായിട്ടില്ല. ഇത്തവണയും ചരിത്രം ആവർത്തിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ, കായണ്ണയിൽ ഇത്തവണ കറുത്ത കുതിരയാവുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. 2020ൽ 13ൽ ഒമ്പത് സീറ്റ് നേടിയാണ് എൽ.ഡി.എഫ് ഭരണത്തുടർച്ച നേടിയത്.
ഇവിടെ ഒരു സീറ്റ് ആദ്യമായി ബി.ജെ.പിക്ക് ലഭിച്ചപ്പോൾ മൂന്ന് സീറ്റുമായി ഏറ്റവും മോശം പ്രകടനമാണ് യു.ഡി.എഫ് നടത്തിയത്. നിലവിൽ 13ൽനിന്ന് 14 വാർഡായി ഉയർന്നിട്ടുണ്ട്. ഇതിൽ മൂന്ന്, നാല്, അഞ്ച്, ഏഴ്, ഒമ്പത്, 11 വാർഡുകൾ എൽ.ഡി.എഫിന് മേധാവിത്വമുണ്ട്. രണ്ട്, ആറ് വാർഡുകളിൽ യു.ഡി.എഫിനും മേൽക്കോയ്മയുണ്ട്.
ഒന്ന്, എട്ട്, 10, 12, 13, 14, വാർഡുകളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഒന്നാം വാർഡിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മെംബറുമായിരുന്ന എം. ഋഷികേശനാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ് ഇവിടെ സ്വതന്ത്ര പരീക്ഷണമാണ് നടത്തുന്നത്. വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ എ.സി. യൂസഫിനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. ഇടവത്ത് രജീഷ് ബി.ജെ.പി സ്ഥാനാർഥിയാണ്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് വിജയിച്ച മണ്ഡലമാണെങ്കിലും പുനർനിർണയിച്ചതോടെ സ്വഭാവം മാറിയിട്ടുണ്ട്.
വാർഡ് എട്ടിൽ യു.ഡി.എഫാണ് സ്വതന്ത്ര പരീക്ഷണം നടത്തുന്നത്. റീജ മേറങ്ങലാണ് സ്ഥാനാർഥി. അതുല്യ ഷിബു എൽ.ഡി.എഫിനുവേണ്ടിയും ഷീജ ഷിബു ബി.ജെ.പിക്കു വേണ്ടിയും രംഗത്തുണ്ട്. 10ാം വാർഡിൽ കെ. കെ. അബൂബക്കറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫ് സ്വതന്ത്ര പരീക്ഷണമാണ് ഇവിടെയും നടത്തുന്നത്. ഒ.ടി. വിനോദാണ് സ്ഥാനാർഥി. സി.പി.എം പശ്ചാത്തലമുള്ള പൊതുപ്രവർത്തകൻ കുഞ്ഞിക്കണ്ണൻ ചെറുക്കാട് സ്വതന്ത്രനായി രംഗത്തുള്ളത് എൽ.ഡി.എഫിന് ചെറിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
സതീശനാണ് ബി.ജെ.പി സ്ഥാനാർഥി. വാർഡ് 12 എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും ശക്തമായ മത്സരമാണ് നടക്കുന്നത്. ലോക്കൽ കമ്മിറ്റി അംഗം പി.പി. സജീവനും യു.ഡി.എഫിലെ വിജയൻ പുഴനടക്കലുമാണ് മത്സരിക്കുന്നത്. മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന രവീന്ദ്രൻ ശ്രീഹരി സ്വതന്ത്രനായി രംഗത്തുണ്ട്. ജിതിൻ രാജ് ബി.ജെ.പി സ്ഥാനാർഥിയാണ്. വാർഡ് 13ൽ യു.ഡി.എഫിനുവേണ്ടി ഇല്ലത്ത് രാമചന്ദ്രനും എൽ.ഡി.എഫിനുവേണ്ടി ലോക്കൽ കമ്മിറ്റി അംഗം ഇ.സി. സന്തോഷും മാറ്റുരക്കുന്നു.
എ.സി. ശ്രീനാഥ് ബി.ജെ.പിക്ക് വേണ്ടിയും രംഗത്തുണ്ട്. പുതിയ വാർഡായ 14ൽ യു.ഡി.എഫ് സ്ഥാനാർഥിയായ സി.കെ. അസീസും സി.പി.എമ്മിലെ കോമത്ത് രമേശനും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.