കാത്ത് ലാബിലെ കാത്തിരിപ്പിന് അറുതിയാവുമോ

കോഴിക്കോട്: രോഗികളുടെ ആധിക്യം പരിഗണിച്ച് മൂന്നാമതൊരു കാത്ത് ലാബ് കൂടി അനുവദിക്കപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളജിൽ സ്റ്റന്‍റും അനുബന്ധ ഉപകരണങ്ങളുമില്ലാതെ നിലവിലുള്ള ലാബുകൾ തന്നെ ഊർധ്വശ്വാസം വലിക്കുന്നു. സ്റ്റന്റ് വിതരണം നിലച്ച് കാത്ത് ലാബ് പ്രവർത്തനം താളംതെറ്റി മൂന്നാം മാസത്തിലേക്ക് കടന്നിട്ടും പ്രശ്ന പരിഹാരത്തിന് സർക്കാറിന്‍റെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും ഉണ്ടാകാത്തത് സാധാരണക്കാരായ രോഗികളെ പ്രതിസന്ധിയിലാക്കുകയാണ്. നിരവധി പേരാണ് മെഡിക്കൽ കോളജിൽ കാത്ത് ലാബിൽ ശസ്ത്രക്രിയ മുടങ്ങി പുതുക്കിയ തീയതിക്കായി കാത്തിരിക്കുന്നത്.

മെഡിക്കൽ കോളജിലേക്കു സ്റ്റന്റും അനുബന്ധ സാധനങ്ങളും നൽകിയ വകയിൽ 32 കോടിയോളം രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. നേരത്തേ 42 കോടിയായിരുന്നു.15 മാസത്തെ തുക കുടിശ്ശികയായതോടെ കഴിഞ്ഞ സെപ്റ്റംബർ ഒന്ന് മുതലാണ് വിതരണക്കാർ വിതരണം നിർത്തിയത്. ഇവർ സമരം തുടങ്ങിയതിന് ശേഷം 10 കോടി രൂപ അനുവദിച്ചു. എന്നാൽ 2025 മാർച്ച് വരെയുള്ള കുടിശ്ശിക ലഭിക്കാതെ സ്റ്റന്റ് വിതരണം പുനരാരംഭിക്കാൻ കഴിയില്ലെന്ന നിലപാടിലാണിവർ. നിലവിലെ സ്റ്റന്‍റ് സ്റ്റോക്ക് ഉപയോഗിച്ചാണ് ഇപ്പോൾ പേരിന് ആഞ്ചിയോഗ്രാം, ആഞ്ചി‍യോ പ്ലാസ്റ്റി എന്നിവ നടത്തുന്നത്.

ആഗസ്റ്റിൽ വയറ്, ബലൂൺ തുടങ്ങിയ ഉപകരണങ്ങളുടെ സ്റ്റോക്ക് ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്കടക്കം ആഞ്ചിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി എന്നിവ പൂർണമായും നിലച്ചിരുന്നു. വിവിധ ഇൻഷുറൻസ് പദ്ധതികളിൽ ചികിത്സ നൽകിയ ഇനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിന് 250 കോടിയോളം രൂപ സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്. ഇത് ലഭിക്കാത്തതാണ് വിതരണക്കാർക്കുള്ള പണം കുടിശ്ശികയാക്കാൻ കാരണം.

സ്റ്റന്‍റ് വിതരണം പുനഃസ്ഥാപിക്കാൻ വിതരണക്കാരുമായി ക്രിയാത്മകമായ ചർച്ചപോലും അധികൃതരുടെ ഭാഗത്തുനിന്നും നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിതരണക്കാർ ആരോഗ്യമന്ത്രിയെ അടക്കം കണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വോട്ട് ലക്ഷ്യമാക്കിയെങ്കിലും സർക്കാർ കുടിശ്ശിക തീർത്ത് പ്രശ്നം പരിഹരിക്കുമെന്ന രോഗികളുടെയും വിതരണക്കാരുടെയും പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണ്.

Tags:    
News Summary - kath lab in calicut medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.