കോഴിക്കോട് ഭട്ട് റോഡിൽ കെ-റെയിൽ വിരുദ്ധ ജനകീയസമിതി നടത്തിയ ബഹുജന മാർച്ച്

കെ.റെയിൽ: ചോദ്യങ്ങൾ കുറവ്; പ്രകീർത്തിക്കാൻ തിരക്ക്, മുഖ്യമന്ത്രിയുടെ വേദിക്കടുത്തേക്ക് മാർച്ച്

കോഴിക്കോട്: ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങളെല്ലാം വിശദീകരിച്ചതോടെ പൗരപ്രമുഖർക്ക് ചോദ്യങ്ങൾ ഏറെയുണ്ടായില്ല. ഉന്നയിച്ചതെല്ലാം മൃദുവായ സംശയങ്ങൾ മാത്രം. കടുത്ത ചോദ്യങ്ങളൊന്നുമുണ്ടായില്ല. എല്ലാറ്റിനും 'കാരണഭൂതനായ' മുഖ്യമന്ത്രിയെ പ്രകീർത്തിക്കാനുള്ള മത്സരമായിരുന്നു കണ്ടത്.

കെ-റെയിലിനെക്കുറിച്ച് സംഘടിപ്പിച്ച 'ജനസമക്ഷം സിൽവർലൈൻ' വിശദീകരണ പരിപാടിയിലാണ് വാഴ്ത്തുപാട്ടുകൾ അരങ്ങേറിയത്. 15 പേർ സംസാരിച്ചതിൽ നാലുപേർ മാത്രമാണ് ചോദ്യങ്ങളുന്നയിച്ചത്. െ-റെയിലിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകൾ ആവേശം നൽകുന്നതാണെന്ന് താമരശ്ശേരി ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടു.

ഗെയിൽ പദ്ധതി, തീരദേശ ഹൈവേ, മലയോര ഹൈവേ വികസനം എന്നിവ കാണുമ്പോൾ 25 വർഷം മുമ്പ് തന്നെ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. തുരങ്കപാത യാഥാർഥ്യമാക്കുന്നതിൽ പിണറായിയോട് നന്ദിയുണ്ടെന്നും താമരശ്ശേരി ബിഷപ് പറഞ്ഞു.

പോസിറ്റിവായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി മികച്ച 'മോട്ടിവേറ്റർ'ആണെന്ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. ചില അസൗകര്യങ്ങളുണ്ടാകുമെങ്കിലും കെ-റെയിൽ വിജയകരമായിരിക്കുമെന്നും നിർബന്ധമായും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിന് ഏറെ സഹായകമാകുമെന്ന് വ്യാപാര, വ്യവസായ രംഗത്തെ പ്രമുഖരും പറഞ്ഞു.

വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം വിട്ടുകൊടുത്ത വ്യാപാരികൾ അടക്കമുള്ളവർ നഷ്ടപരിഹാരത്തിനായി നിരാഹാരം കിടക്കുന്ന അവസ്ഥയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി സുനിൽ കുമാർ യോഗത്തിൽ പരിഭവം പറഞ്ഞു. നഷ്ടപരിഹാരം പൂർണമായും നൽകിയിട്ടേ ഭൂമി ഏറ്റെടുക്കൂവെന്ന് കെ-റെയിൽ എം.ഡി വി. അജിത്ത് കുമാർ മറുപടി നൽകി.

പശ്ചിമഘട്ടത്തിലെ ക്വാറികളിൽ നിന്നുള്ള പാറക്കല്ലുകൾ പദ്ധതിക്ക് വേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, എം.പിമാരായ എളമരം കരീം, എം.വി. ശ്രേയാംസ് കുമാർ, എം.എൽ.എമാരായ ടി.പി. രാമകൃഷ്ണൻ, പി.ടി.എ. റഹീം, കെ.പി. കുഞ്ഞഹമ്മദ് കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, ലിന്‍റോ ജോസഫ്, മേയർ ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ജില്ല കലക്ടർ തേജ് ലോഹിത് റെഡ്ഡി, വ്യവസായ പ്രമുഖരായ പി.കെ. അഹമ്മദ്, എം.പി. അഹമ്മദ്, പി.വി. ചന്ദ്രൻ, ഡോ. കെ. മൊയ്തു, എം. ഖാലിദ്, മൈജി ഷാജി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി. മോഹനൻ, ടി.വി ബാലൻ, മുക്കം മുഹമ്മദ്, കെ.പി. അനിൽ കുമാർ, മനയത്ത് ചന്ദ്രൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ വേദിക്കടുത്തേക്ക് മാർച്ച്

കോഴിക്കോട്: വെസ്റ്റ്ഹില്‍ സമുദ്ര ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത പൗരപ്രമുഖർക്കായുള്ള കെ-റെയില്‍ വിശദീകരണ യോഗത്തിലേക്ക് കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധ മാർച്ച്. ഭട്ട് റോഡിന് സമീപം പൊലീസ് ബാരിക്കേഡുകൾ ഉയർത്തി ജാഥ തടഞ്ഞു. സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയാൽ കൂടുതൽ ജനങ്ങളെ തെരുവിൽ ഇറക്കി പിൻവലിക്കും വരെ സമരപാതയിൽ ഉണ്ടാകുമെന്ന് അധ്യക്ഷവഹിച്ച സമരസമിതി ചെയർമാൻ ടി.ടി. ഇസ്മായിൽ പറഞ്ഞു.

അദാനിമാരെ പോലെ കുത്തക മുതലാളിമാർക്ക് പാദസേവ ചെയ്യാനും കമീഷൻ അടിക്കാനും മാത്രം തട്ടിക്കൂട്ടിയ പദ്ധതിയാണിതെന്ന് ജാഥ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ പറഞ്ഞു. എം.പി. ബാബുരാജ്, എസ്. രാജീവൻ, വിജയരാഘവൻ ചേലിയ, ഖയ്യൂം കുണ്ടായിത്തോട്, യു. രാമചന്ദ്രൻ, ടി.കെ. ശ്രീനിവാസൻ, എസ്.വി. ഷൗലിക്ക്, ടി.വി. രാജൻ, കണ്ടിയിൽ ശ്രീജ സൗദ പുതിയങ്ങാടി, ജീഷേഷ് കുമാർ, മണിദാസ് കോരപ്പുഴ എന്നിവർ സംസാരിച്ചു. മുഹമ്മദലി മുതുകുനി സ്വാഗതവും രാമചന്ദ്രൻ വരപുറത്ത് നന്ദിയും പറഞ്ഞു.

സുനീഷ് കീഴാരി, പി.കെ. ഷിജു, പി.കെ. സാഹിർ, നസീർ ന്യൂജെല്ല, മുസ്തഫ ഒലിവ്, ടി.സി. രാമചന്ദ്രൻ, നാസർ നന്തി, ഷാനവാസ് കുണ്ടായിത്തോട്, ബാബു ചെറുവത്ത്, ഫാറൂഖ് കമ്പായത്തിൽ, ഷീജ അല്ലിക്കൽ, കൃഷ്ണൻ പാവങ്ങാട്, കോയ പുതിയങ്ങാടി, അജയകുമാർ ഭട്ട് റോഡ് എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രിയുടെ വേദിക്ക് സമീപം തെരുവുനാടകം തീരുമാനിച്ചെങ്കിലും പൊലീസ് തടഞ്ഞതിനാൽ മൊഫ്യൂസിൽ സ്റ്റാൻഡ് പരിസരത്തേക്ക് മാറ്റി.

കോഴിക്കോട്: കെ-റെയിൽ നടപ്പാക്കാൻ പൗരപ്രമുഖന്മാരെ വിളിച്ചു ചേർത്ത യോഗത്തിലേക്ക് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു. ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, ട്രഷറർ കെ.എം.എ. റഷീദ്, ഷഫീഖ് അരക്കിണർ, അഫ്നാസ് ചോറോട്, ഇർഷാദ്, ലിബന്നൂഷ് അൽത്താഫ് വെള്ളയിൽ, മുനീർ സ്രാമ്പ്യ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - K. Rail: CM with explanatory speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.